മാധ്യമ സമൂഹം പ്രഖ്യാപിതമായി സൃഷ്ടിച്ചെടുത്ത ഫലസ്തീൻ വിരോധത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ അവർ ശിക്ഷിക്കും. ഇസ്രായിൽ പ്രധാനമന്ത്രിയെ വിമർശിച്ച് കാർട്ടൂൺ വരച്ചതിന് ഒരു ബ്രിട്ടീഷ് പത്രം ഈയിടെയാണ് നാൽപത് വർഷത്തെ സേവന ചരിത്രമുള്ള അവരുടെ പ്രശസ്തനായ കാർട്ടൂണിസ്റ്റിനെ പുറത്താക്കിയത്. യാഥാർഥ്യം വെളിച്ചത്ത് കൊണ്ടുവരാൻ തങ്ങളുടെ മാധ്യമ ഉടമകൾ സമ്മതിക്കാതിരിക്കുമ്പോൾ ചില മാധ്യമ പ്രവർത്തകരെങ്കിലും ഫലസ്തീൻ വസ്തുത സത്യസന്ധമായി റിപ്പോർട്ട് ചെയ്യാനും യഥാർഥ ദൃശ്യങ്ങൾ തൽസമയം സംപ്രേഷണം ചെയ്യാനും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുവെന്നതാണ് ആശ്വാസകരം, അതിന് ശക്തവും സംഘടിതവുമായ പ്രചാരണ ശേഷിയില്ലെങ്കിലും.
ഗാസയിൽ ഇസ്രായിൽ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ യൂറോപ്പിലാകെ സമൂഹ മാധ്യമങ്ങൾ വഴി പടരുന്ന പ്രതിഷേധങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാലറിയാം, ഈ നരഹത്യക്കെതിരെ അന്താരാഷ്ട്ര ടെലിവിഷൻ മാധ്യമങ്ങളും പാശ്ചാത്യ ദിനപത്രങ്ങളും കാര്യമായി വാർത്തകളൊന്നും നൽകുന്നില്ലെന്ന്. സ്വതന്ത്ര മാധ്യമ പ്രവർത്തനം അഥവാ ഫ്രീ മീഡിയ എന്നത് പൂർണമായും ചില നിക്ഷിപ്ത ശക്തികളാൽ നിയന്ത്രിക്കപ്പെടുന്നുവെന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണ് അവരുടെ ഈ പ്രശ്‌നത്തിലുള്ള അപലപനീയമായ നിശ്ശബ്ദത.
ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രിയായിരുന്ന ഗീബൽസിനെ ഇവിടെ ഓർക്കാവുന്നതാണ്. ആയിരം നുണ ആവർത്തിച്ചാൽ അത് സത്യമായിത്തീരുമെന്ന് പ്രചരിപ്പിച്ച പെരുംനുണയനായിരുന്നു ഗീബൽസ്. പടിഞ്ഞാറൻ മാധ്യമങ്ങൾ പൊതുവിലും പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ ഈ സന്ദിഗ്ധ ഘട്ടത്തിൽ സവിശേഷമായും ശ്രദ്ധിച്ചാൽ മനസ്സിലാകും, അവർ ഏത് തരത്തിലാണ് ഗീബൽസിയൻ സിദ്ധാന്തം തന്ത്രപരമായി നടപ്പാക്കുന്നതെന്ന്. നിഷ്‌കളങ്കരായ നാൽപത് ഇസ്രായിലി കുട്ടികളെയും കുടുംബാംഗങ്ങളെയും ഹമാസ് തലയറുത്ത് കൊലപ്പെടുത്തിയെന്നും സ്ത്രീകളെ ബലാൽസംഗം ചെയ്തുവെന്നുമുള്ള പച്ചക്കള്ളമാണ് ചില പടിഞ്ഞാറൻ മാധ്യമങ്ങൾ പടച്ചുണ്ടാക്കി പ്രചരിപ്പിച്ചത്. ഓർക്കുക, പ്രശസ്തയായ ഒരു ചാനൽ റിപ്പോർട്ടർക്ക് ഹമാസിനെതിരെ അസത്യം പ്രചരിപ്പിച്ചതിന് പിന്നീട് മാപ്പ് പറയേണ്ടിവന്ന കാര്യം. ഇല്ലാത്ത സംഭവങ്ങളുടെ വ്യാജ ചിത്രങ്ങളും വ്യാജ ഫൂട്ടേജുകളും ചില പാശ്ചാത്യ മാധ്യമങ്ങൾ പടച്ചുണ്ടാക്കി. 'ഹമാസ് വർഷിച്ച ബോംബുകൾക്ക് മധ്യേ നിന്നുകൊണ്ട് തൽസമയം' എന്ന് പറഞ്ഞ് അവിടെ നടക്കുന്ന അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന വ്യാജേന ഒരു പടിഞ്ഞാറൻ ടെലിവിഷൻ വനിത റിപ്പോർട്ടറും അവരുടെ കൂട്ടുകാരനും പറയുന്നത് നുണയായിരുന്നുവെന്ന് ആ പ്രദേശത്തിന്റെ ദൃശ്യം കണ്ടാൽ ആർക്കും മനസ്സിലാകും. നാശനഷ്ടങ്ങളൊന്നും സംഭവിക്കാത്ത കെട്ടിടങ്ങൾക്ക് നടുവിൽ നിന്നുകൊണ്ടാണ് ഈ റിപ്പോർട്ടറും ക്യാമറാമാനും പറയുന്നത്, ഇതാ ഹമാസ് കെട്ടിടങ്ങൾ തകർത്തു, ബോംബിന്റെ പുക ഉയരുന്നു എന്നൊക്കെ. ഇവിടെ യഥാർഥ ഗീബൽസ് പോലും തോറ്റുപോകുന്നു. ഒരു ഹോളിവുഡ് സിനിമയെയാണ് ഈ കാഴ്ച ഓർമിപ്പിച്ചത്. അൽബേനിയയിലെ രാഷ്ട്രീയ അട്ടിമറിക്ക് വേണ്ടി ഒരു അസ്ഥിരോഗ വിദഗ്ധനും ഒരു സിനിമ നിർമാതാവും കൂടി കെട്ടിച്ചമച്ച ഒരു ലൈംഗികാപവാദ സിനിമ ദൃശ്യമായിരുന്നു അത്.
പാശ്ചാത്യ മാധ്യമങ്ങളുടെ കണ്ണിൽ ഫലസ്തീനികൾ 'കൊലപാതകികളും അപരിഷ്‌കൃതരും'. ഇസ്രായിലാകട്ടെ, 'അഭിമാനികളും സംസ്‌കാര സമ്പന്ന'രും. വർഷങ്ങളായുള്ള ഫലസ്തീനികളോടുള്ള സമീപനം ഇതാണ്. ഇസ്രായിലിന്റെ അന്യായമായ അധിനിവേശത്തെക്കുറിച്ച് അവർക്ക് മിണ്ടാട്ടമില്ല. ഓരോ ദിവസവും ഇസ്രായിലി സൈന്യം കൊലപ്പെടുത്തുന്ന നിഷ്‌കളങ്കരും നിരപരാധികളുമായ ഫലസ്തീനികളെക്കുറിച്ച് അവർ മൗനികളാണ്. ഗാസയിലെ തുറന്ന ജയിലിൽ മരണത്തോട് പൊരുതുന്നവരെ അവർക്ക് കാണാനാവില്ല. ഇസ്രായിലി തടവറകളിൽ വധിക്കപ്പെടുന്ന ഫലസ്തീനികളുടെ മക്കളുടെ അനാഥത്വത്തെക്കുറിച്ച് പാശ്ചാത്യ മാധ്യമങ്ങൾ അജ്ഞരാണ്. ഫലസ്തീനി ബാലികാബാലന്മാർ, വീടുകൾ തകർന്ന് തെരുവിൽ അന്തിയുറങ്ങുന്ന കുഞ്ഞുങ്ങൾ, മരണം കാത്തു കഴിയുന്ന ആരുടെയൊക്കെയോ കാരുണ്യത്തിലാണ് അവർ കഴിയുന്നത്. അതിർത്തികളിൽ പലായനത്തിന്റെ നീണ്ട നിര. ആതുരാലയങ്ങളുടെ പടിക്കൽ കാത്ത് കെട്ടിക്കിടക്കുന്ന ഫലസ്തീനി വയോധികർ. ഇസ്രായിലി അധിനിവേശത്തിനെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെക്കുറിച്ചും ആർക്കുമൊന്നും പറയാനില്ല. അധിനിവേശ പ്രദേശങ്ങളിൽ അവരുടെ സെറ്റിൽമെന്റുകൾ. ചെറിയൊരു സ്ഥലത്ത് തിങ്ങിപ്പാർക്കുന്ന, വൻ ജനസാന്ദ്രത പ്രദേശം. നിരപരാധികളായ അവരെ കൊലപ്പെടുത്തുന്ന ഇസ്രായിലിന്റെ മുഷ്‌കിനെ ന്യായീകരിക്കുന്ന പടിഞ്ഞാറൻ ലോകം.
ഇസ്രായിലി പ്രധാനമന്ത്രിയായിരുന്ന ഗോൾഡ മെയർ പണ്ട് പറഞ്ഞു: 'ഫലസ്തീനി കുട്ടികളെ കൊല്ലുന്ന ഫലസ്തീനികളെ ഞാൻ വെറുക്കുന്നു'.
നോക്കൂ, സത്യത്തെയും യുക്തിയെയും ഏത് വിധം ഗോൾഡ മെയർ കൊന്നു കൊലവിളിക്കുന്നുവെന്ന്.
ഫലസ്തീനികൾ രാക്ഷസന്മാരാണെന്നും ഇസ്രായേലികൾ എല്ലായ്‌പ്പോഴും ഇരകളാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മാധ്യമ സമൂഹം പ്രഖ്യാപിതമായി സൃഷ്ടിച്ചെടുത്ത ഫലസ്തീൻ വിരോധത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ അവർ ശിക്ഷിക്കും. ഇസ്രായിൽ പ്രധാനമന്ത്രിയെ വിമർശിച്ച് കാർട്ടൂൺ വരച്ചതിന് ഒരു ബ്രിട്ടീഷ് പത്രം ഈയിടെയാണ് നാൽപത് വർഷത്തെ സേവന ചരിത്രമുള്ള അവരുടെ പ്രശസ്തനായ കാർട്ടൂണിസ്റ്റിനെ പുറത്താക്കിയത്. യാഥാർഥ്യം വെളിച്ചത്ത് കൊണ്ടുവരാൻ തങ്ങളുടെ മാധ്യമ ഉടമകൾ സമ്മതിക്കാതിരിക്കുമ്പോൾ ചില മാധ്യമ പ്രവർത്തകരെങ്കിലും ഫലസ്തീൻ വസ്തുത സത്യസന്ധമായി റിപ്പോർട്ട് ചെയ്യാനും യഥാർഥ ദൃശ്യങ്ങൾ തൽസമയം സംപ്രേഷണം ചെയ്യാനും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുവെന്നതാണ് ആശ്വാസകരം, അതിന് ശക്തവും സംഘടിതവുമായ പ്രചാരണ ശേഷിയില്ലെങ്കിലും.
ഗീബൽസിയൻ സിദ്ധാന്തത്തിന്റെ അഭിനവ വക്താക്കൾ ആഗോള തലത്തിൽ അവരുടെ മാധ്യമ സ്ഥാപനങ്ങൾ വഴി ഫലസ്തീൻ പ്രശ്‌നത്തിൽ വ്യാജ വാർത്തകൾ ചമയ്ക്കുകയോ സത്യാവസ്ഥകളെ തമസ്‌കരിക്കുകയോ മാത്രമല്ല, മറ്റു പ്ലാറ്റ്‌ഫോമുകളിൽ അസുലഭമായെങ്കിലും ഉയർന്നുവരുന്ന യാഥാർഥ്യങ്ങളെ ബോധപൂർവം കുഴിവെട്ടി മൂടുകയും ചെയ്യുന്നു.