Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ നിലവാരത്തകര്‍ച്ച

സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ നിലവാരത്തകര്‍ച്ചയില്‍ വ്യാകുലരാണ് രക്ഷിതാക്കളും കുട്ടികളും. ആവശ്യത്തിന് അധ്യാപകരില്ലായ്മ, അടിസ്ഥാന സൗകര്യ അപര്യാപ്തത, കാലാനുസൃതമായ അറ്റകുറ്റപ്പണികളുടെ കുറവ്, അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിലെ വിമുഖത, പഠനേതര കഴിവുകളെ പരിപോഷിപ്പിക്കുന്നതിലെ മരവിപ്പ് തുടങ്ങി പലവിധ കാരണങ്ങളാല്‍ ഒട്ടുമിക്ക ഇന്ത്യന്‍ സ്‌കൂളുകളുടെയും നിലവാരം അടിക്കടി താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇത് പരീക്ഷ ഫലത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നൂറ് ശതമാനം വിജയം അവകാശപ്പെടുമ്പോഴും പല വിദ്യാര്‍ഥികളും പരീക്ഷകളില്‍ പരാജയപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം. കംപാര്‍ട്ട്‌മെന്റല്‍ എന്ന സൂത്രവാക്യം ഉപയോഗിച്ചാണ് പല സ്‌കൂളുകളും പരാജിതരെയും വിജയികളുടെ കൂട്ടത്തില്‍ പെടുത്തി നൂറ് ശതമാനം തികയ്ക്കുന്നത്. മുന്‍കാലങ്ങളില്‍ പഠനത്തിലും പഠനേതര വിഷയങ്ങളിലും ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ മികച്ചു നിന്നിരുന്നു. ഇത് ലോകത്തിന്റെ നാന ഭാഗങ്ങളില്‍ എത്തിപ്പെടുന്നതിനും ഉന്നത നിലവാരമുള്ള ജോലി സ്വായത്തമാക്കുന്നതിനും കുട്ടികളെ സഹായിച്ചിരുന്നു. ഇന്നിപ്പോള്‍ അത്തരം ഗുണമേന്മയൊന്നും ഒരു സ്‌കൂളിനും അവകാശപ്പെടാനാവാത്ത അവസ്ഥയാണ്.
സ്‌കൂളുകളുടെ ഭരണ നടത്തിപ്പിന് ചുമതലപ്പെട്ട ഭരണ സമിതികളെ അജ്ഞാത കേന്ദ്രങ്ങള്‍ മൂക്കു കയറിടുന്നതും അവര്‍ക്കു മേലുള്ള ഉന്നതാധികാര സമിതിയുടെ നിരുത്തരവാദ സമീപനവുമാണ് ഇതിന് കാരണമായി രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് രക്ഷിതാക്കള്‍ നിരന്തരം സ്‌കൂള്‍ ഭരണ സമിതിക്കാരെയും ബന്ധപ്പെട്ട അധികൃതരെയും സമീപിച്ചുകൊണ്ടിരിക്കുകയാണ്.

 അവസാനമായി റിയാദ് സ്‌കൂളിലെ രക്ഷിതാക്കളാണ് ബന്ധപ്പെട്ടവരെ സമീപിച്ചത്. അതിന് ഏതാനും ദിവസം മുന്‍പായിരുന്നു ജിദ്ദ സ്‌കൂൡലെ രക്ഷിതാക്കളും സ്‌കൂള്‍ ഭരണ സമിതിയെയും അധികൃതരെയും സമീപിച്ചത്. മറ്റു സ്‌കൂളുകളിലെ രക്ഷിതാക്കളും ഇതേ മുറവിളിയിലാണ്. സ്‌കൂളുകളിലെ അപര്യാപ്തതകള്‍ അക്കമിട്ട് രക്ഷിതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടും സ്‌കൂള്‍ ഭരണ സമിതികള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെന്നതാണ് വസ്തുത. പല കാര്യങ്ങളിലും ഉന്നതാധികാര സമിതിയുടെ അനുമതി വൈകുന്നതാണ് കാരണമെന്നും തങ്ങള്‍ ഇക്കാര്യത്തില്‍ നിസ്സഹായരാണെന്നുമാണ് സ്‌കൂള്‍ ഭരണ സമിതി അംഗങ്ങള്‍ പറയുന്നത്. ഉന്നതാധികാര സമിതിയാകട്ടെ, ഭരണ സമിതികളുടെ വഴിവിട്ട പോക്കിനെയാണ് നിയന്ത്രിക്കുന്നതെന്നും വാദിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പൂച്ചക്കാര് മണി കെട്ടുമെന്നതാണ് ചോദ്യം?

അക്കാദമിക് രംഗത്തെന്ന പോലെ അടിസ്ഥാന സൗകര്യങ്ങളിലും കാതലായ മാറ്റം വേണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം റിയാദ് സ്‌കൂളിലെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചത്. പഠനത്തിന് പിന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ ക്ലാസ് നല്‍കിയും പാഠ്യവിഷയങ്ങളില്‍ പരിഷ്‌കരണം നടത്തിയും അക്കാദമിക് നിലവാരം വര്‍ധിപ്പിക്കുക, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സ്ഥാപിക്കുക, പഠനേതര കഴിവുകളെ പരിപോഷിപ്പിക്കാന്‍ കായിക വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുക, മൈതാനം മോടിപിടിപ്പിച്ച് പുതിയ ട്രാക്കുകള്‍ ഉണ്ടാക്കുക, വായന ശീലം വര്‍ധിപ്പിക്കുന്നതിന് ലൈബ്രറി സൗകര്യം വിപുലപ്പെടുത്തുക, എഴുതാനുള്ള കഴിവ് ശോഷിച്ചു പോകാതിരിക്കാന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങളാണ് രക്ഷിതാക്കള്‍ ഉന്നയിച്ചത്. രക്ഷിതാക്കള്‍ ആവശ്യപ്പെടാതെ തന്നെ സ്‌കൂള്‍ ഭരണ സമിതികള്‍ ചെയ്യേണ്ട കാര്യങ്ങളാണിവ. എന്നാല്‍ അതിലൊന്നും ശ്രദ്ധ ചെലുത്താന്‍ ഭരണ സമിതികളും സ്‌കൂള്‍ അധികൃതരും തയാറാവുന്നില്ലെന്നതിന്റെ സൂചനയായി വേണം രക്ഷിതാക്കളുടെ പ്രതിനിധികളെ ഈ ആവശ്യങ്ങളുമായി സ്‌കൂള്‍ അധികൃതരെ കാണാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.

ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന്റെ കാര്യം ഇതിലും പരിതാപകരമാണ്. രണ്ടു മാസത്തിലേറെക്കാലത്തെ വേനലവധിയും അത്യുഷ്ണം തുടരുമെന്ന കാലാവസ്ഥ മുന്നറിയിപ്പും കണക്കിലെടുത്ത് രണ്ടാഴ്ച കൂടി നീട്ടി ഏതാണ്ട് മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം സെപ്റ്റംബറിലാണ് സ്‌കൂള്‍ തുറന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന പോലെ ഓഗസ്റ്റ് 22 ന് സ്‌കൂള്‍ തുറക്കുമെന്നത് കണക്കിലെടുത്ത് അമിത ടിക്കറ്റ് നിരക്ക് നല്‍കിയാണ് രക്ഷിതാക്കളും കുട്ടികളുമെല്ലാം വേനലവധി കഴിഞ്ഞ് തിരിച്ചെത്തിയത്. സ്‌കൂള്‍ തുറക്കേണ്ട ദിവസത്തിന്റ തലേന്ന് പാതിരാത്രിയിലാണ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായുള്ള അറിയിപ്പ് ലഭിച്ചത്. ഇതില്‍ രക്ഷിതാക്കള്‍ക്കുള്ള അസംതൃപ്തി നിലനില്‍ക്കേയാണ് സ്‌കൂള്‍ തുറന്ന ദിവസം തന്നെ കറണ്ട് പോയതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളുടെ വിഭാഗം സ്‌കൂള്‍ വീണ്ടും അനിശ്ചിത കാലത്തേക്ക് അടച്ചുകൊണ്ടുള്ള ഉത്തരവ്. 20 വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള എ.സികളെല്ലാം ഒരുമിച്ചു പ്രവര്‍ത്തിച്ചതോടെ വൈദ്യുതി വിതരണ ശൃംഖല അവതാളത്തിലാവുകയും എ.സികളെല്ലാം പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു. ക്ലാസ് തുടങ്ങി രണ്ടു മണിക്കൂര്‍ കഴിഞ്ഞായിരുന്നു ഇത്. അവശേഷിക്കുന്ന സമയമത്രയും കൊടുംചൂടില്‍ കുട്ടികള്‍ക്ക് ക്ലാസിലിരിക്കേണ്ടി വന്നതോടെ പലരും മോഹാലസ്യപ്പെട്ടു വീഴാനും തലവേദന ഉള്‍പ്പെടെയുള്ള അസുഖം പിടിപെടാനും ഇടയാക്കി. മൂന്നു മാസം കിട്ടിയിട്ടും എ.സികള്‍ പ്രവര്‍ത്തിപ്പിച്ചു നോക്കുന്നതിനോ കേടുപാടുകള്‍ തീര്‍ക്കുന്നതിനോ ഇതിന് ചുമതലപ്പെട്ടവര്‍ തയാറാവാതിരുന്നതാണ് ഇതിനു കാരണം. ഈ കേടുപാടുകള്‍ തീര്‍ത്ത് പിന്നീട് സ്‌കൂള്‍ തുറന്നത് ഏതാനും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു. രണ്ട് സ്‌കൂളുകളുടെയും ടോയ്‌ലറ്റുകള്‍ അടക്കമുള്ളവയുടെ അറ്റകുറ്റപ്പണികളുടെ കാര്യവും ഇതേ രീതിയിലായിരുന്നു. ഇന്ന് സ്‌കൂളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എ.സികൡ അധികവും ഇരുപത് വര്‍ഷത്തിലേറെ കാലപ്പഴക്കം ചെന്നവയാണ്. അമിത വൈദ്യുതിയാണ് ഇവരുടെ പ്രവര്‍ത്തനത്തിനു വേണ്ടിവരുന്നത്. എന്നാല്‍ ഇത് മാറ്റിസ്ഥാപിക്കുന്നതിന് നടപടിയുണ്ടായിട്ടില്ല. പുതിയ സ്‌കൂള്‍ കെട്ടിടത്തിന് അനുമതി ലഭിക്കുന്നതിനു മുന്‍പേ തന്നെ നൂറുകണക്കിന് എ.സികളടക്കം അതിലേക്കാവശ്യമായ സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടിയിരുന്നുവെങ്കിലും കെട്ടിടത്തിന് അനുമതി ലഭിച്ചില്ലെന്നു മാത്രമല്ല, ആ വാങ്ങിക്കൂട്ടിയ എ.സികളും ഫര്‍ണിച്ചറുകളുമെല്ലാം എങ്ങോട്ട് പോയെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. പഴയ എ.സികള്‍ മാറ്റി അന്ന് വാങ്ങിയ പുതിയ എ.സികള്‍ പുനഃസ്ഥാപിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല.

ഇതിനൊക്കെ പുറമേയാണ് അധ്യാപകരുടെയും പഠനേതര കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്. ജിദ്ദ സ്‌കൂളിലെ 36 അധ്യാപകരുടെ ഒഴിവിലേക്ക് ഇന്ത്യയില്‍നിന്ന് അഭിമുഖം നടത്തി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്തുവെങ്കിലും അവരുടെ നിയമനത്തിന് ഉന്നതാധികാര സമിതിയുടെ അനുമതി ഇനിയും ഉണ്ടായിട്ടില്ല. അനുമതി തേടി മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവില്‍ വിസകളുടെ കാലാവധി കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും വിസ പുതുക്കി ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിച്ചതായ സൂചനയില്ല. ഒട്ടുമിക്ക സ്‌കൂളുകളും താല്‍ക്കാലിക അധ്യാപകരെ നിയമിച്ചുകൊണ്ടു ഉന്തിയുരുട്ടിയാണ് മുന്നോട്ടു പോകുന്നത്. കാലാകാലങ്ങളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാത്തതും താല്‍ക്കാലിക അധ്യാപകരുടെ പരിചയക്കുറവുമാണ് കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകം. ആകര്‍ഷകമായ ശമ്പളം നല്‍കി ആവശ്യത്തിന് കഴിവുറ്റ അധ്യാപകരെ നിയമിക്കുന്നതിനാവശ്യമായ ഫണ്ട് സ്‌കൂളുകള്‍ക്കുണ്ടെങ്കിലും അത് ശരിയാംവണ്ണം വിനിയോഗിക്കാറില്ല. പ്രവേശന ഫീസ് ഇനത്തിലും മറ്റിതര ഇനങ്ങളിലുമായി ഓരോ കാര്യങ്ങള്‍ക്കും ഫീസ് വാങ്ങുന്നുണ്ടെങ്കിലും ആ തുക അതിനായി ശരിയാംവണ്ണം വിനിയോഗിക്കാറില്ല. അതേ സമയം അതാതു കാലങ്ങളിലെ ഭരണ സമിതികളുടെ കെടുകാര്യസ്ഥത മൂലം വന്നു ഭവിച്ച കേസുകള്‍ക്കും മറ്റും വാരിക്കോരി ലക്ഷങ്ങളാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ജിദ്ദ സ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗം കെട്ടിടം ഇനിയും സ്വന്തമാക്കാനായിട്ടില്ല. രണ്ട് സ്‌കൂളുകളുടെ കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. പത്ത് ഇന്ത്യന്‍ സ്‌കൂളുകളില്‍ മറ്റു സ്‌കൂളുകളുടെയും അവസ്ഥ ഇതു തന്നെയാണ്.

സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ രക്ഷിതാക്കളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളടങ്ങിയ മൂന്നുവര്‍ഷ കാലാവധിയുള്ള ഭരണ സമിതികള്‍ക്കാണ് ഓരോ സ്‌കൂളിന്റെയും ഭരണച്ചുമതല. ഇപ്പോള്‍ തെരഞ്ഞെടുപ്പിനു പകരം നാമനിര്‍ദേശ സമിതികളാണ്. ഈ സമിതികളെല്ലാം കാഴ്ചക്കാര്‍ മാത്രമായി മാറിയിരിക്കുകയാണ്. ഇവര്‍ക്ക് ചലിക്കണമെങ്കില്‍ ഇവരുടെ മുകളില്‍ കെട്ടിയിറക്കിയിട്ടുള്ള ഉന്നതാധികാര സമിതിയുടെ പച്ചക്കൊടി വേണം. ഉന്നതാധികാര സമിതി അംഗങ്ങളായി കയറിക്കൂടുന്നവര്‍  അവരുടെ മേഖലകളില്‍ കഴിവു തെളിയിച്ച പൗരപ്രമുഖരാണെങ്കിലും അതാതു പ്രദേശത്തെ സ്‌കൂളുകളുടെ പള്‍സിനെക്കുറിച്ച് ഇവരില്‍ പലരും അജ്ഞരാണ്. ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളല്ലെന്ന പോരായ്മയും ഇവര്‍ക്കുണ്ട്. ഇതാണ് പല കാര്യങ്ങളിലും അനുമതി നിഷേധിക്കാനും കാലതാമസത്തിനും ഇടയാക്കുന്നത്. ഇതിനു പരിഹാരം ഇനിയും കണ്ടില്ലെങ്കില്‍ ഇന്ത്യന്‍ സ്‌കൂളുകളുടെ നിലവാരം താഴേക്ക് പോയിക്കൊണ്ടിരിക്കും.

Latest News