പത്തനംതിട്ട - തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് പോലീസ് പിടിയിലായി. പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി ഇവരോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാതെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രീതയെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു വ്യക്തി ബാങ്കില്‍ നിക്ഷേപിച്ച പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2015 ലാണ് തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉള്‍പ്പെടെ ആറേമുക്കാല്‍ ലക്ഷം രൂപ 2022 ഒക്ടോബറില്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. നിക്ഷേപത്തിന്റെ അസ്സല്‍ രേഖകള്‍ ഉള്‍പ്പെടെ വാങ്ങിവെച്ച ജീവനക്കാര്‍ പക്ഷേ പണം തിരികെ നല്‍കിയില്ല. തുടരന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയതായി തെളിഞ്ഞത്.