കൊച്ചി - ആലുവയില്‍ അഞ്ചുവയസുകാരിയെ അതിഥി തൊഴിലാളി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന് 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. എറണാകുളം പോക്സോ കോടതിയിലാണ് വിചാരണ നടക്കുന്നത്. അഞ്ചുവയസുകാരിയെ വീട്ടുമുറ്റത്ത് നിന്നും ജ്യൂസ് വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി ബീഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്. ജൂലൈയിലാണ് കൊലപാതകം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി ആലുവ മാര്‍ക്കറ്റിന് പുറക് വശത്ത് വെച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടിന് പ്രതി കുട്ടിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയതു മുതല്‍ ആലുവ മാര്‍ക്കറ്റിലെത്തിക്കുന്നതുവരെ നേരില്‍ കണ്ട സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. കുട്ടിയെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ ശരീരശ്രവങ്ങള്‍ കുട്ടിയുടെ സ്വകാര്യഭാഗത്തും വസ്ത്രങ്ങളിലുമുള്ളതായുള്ള ഫോറന്‍സിക് പരിശോധനാ ഫലവും കോടതിയില്‍ ഹാജരാക്കി.