പത്തനംതിട്ട- ബന്ധുവായ 14കാരിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസില്‍ അയിരൂര്‍ സ്വദേശിക്ക് അറുപത് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി. പെണ്‍കുട്ടിയുടെ ബന്ധു ഷാജി ജോര്‍ജ്ജിനാണ് (45) ജഡ്ജ് ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ രണ്ടു വര്‍ഷം അധികം കഠിന തടവ് അനുഭവിക്കണം.
ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ എന്നീ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ടയിലെ പ്രമുഖ കമ്പ്യൂട്ടര്‍ ഗ്രാഫിക് ഡിസൈനറാണ് പ്രതി. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും പെണ്‍കുട്ടിയെ ലൈംഗിക പീഢനത്തിനിരയക്കുകയായിരുന്നു എന്നാണ് കേസ്.
പെണ്‍കുട്ടി തുടര്‍ പഠനവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ താമസിച്ചു വരവേ പഠന വൈകല്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നല്‍കിയ കൗണ്‍സിലിങ്ങിനിടയിലാണ് പീഢന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് വിവരം അറിഞ്ഞ മാതാവ് വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. വിചാരണ വേളയില്‍ കൗണ്‍സിലര്‍ പ്രതിഭാഗത്തോടൊപ്പം ചേര്‍ന്നുവെങ്കിലും മറ്റുതെളിവുകള്‍ അനുകൂലമായി മാറുകയായിരുന്നു. കോവിഡ് കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം വിവിധ ഘട്ടങ്ങളില്‍ തടസ്സപ്പെട്ടു വെങ്കിലും പോലിസ് ഇന്‍സ്‌പെക്ടര്‍മാരായ ന്യൂമാന്‍, ജി. സുനില്‍ എന്നിവര്‍ അന്വേഷണം പൂര്‍ത്തികരിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.