തിരുവനന്തപുരം - കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. പോത്തൻകോട് ഗവ. യു.പി സ്‌കൂളിലെ താൽക്കാലിക ബസ് ഡ്രൈവറായ സുജൻകുമാറാണ് അറസ്റ്റിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ ഇയാളിൽനിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
സ്‌കൂൾ ബസിലെ താത്കാലിക ഡ്രൈവറായ സുജൻകുമാർ സ്‌കൂൾ സമയം കഴിഞ്ഞ് ഓട്ടോറിക്ഷ ഓടിക്കാറുണ്ട്. ഓട്ടോയിൽ കറങ്ങിയാണ് കഞ്ചാവ് വിൽപന. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിനടിയിൽ പ്രത്യേക അറയിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. 500 രൂപയ്ക്കും 300 രൂപയ്ക്കും വിൽക്കാൻ കണക്കാക്കിയാണ് പൊതികൾ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.