Sorry, you need to enable JavaScript to visit this website.

മാറിടം വലിപ്പം കൂട്ടാന്‍ മരുന്ന് ഉപയോഗിക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധമെന്ന് ഭാര്യ, ശരീരത്തില്‍ തുപ്പിയെന്ന് ഭര്‍ത്താവിന്റെ പരാതി


കൊച്ചി - ഭാര്യക്ക് പാചകമറിയില്ലന്നും ബന്ധുക്കളുടെ മുന്നില്‍വെച്ച് ശരീരത്തില്‍ തുപ്പിയെന്നടക്കമുള്ള ആരോപണങ്ങളുമായി വിവാഹ മോചനത്തിന് ഹൈക്കോടതിയെ സമീപിച്ച തൂശൂര്‍ സ്വദേശിയായ ഭര്‍ത്താവിന്റെ ആവശ്യം കോടതി തള്ളി. പാചകമറിയിലെന്നതടക്കം ഭര്‍ത്താവ് ഉന്നയിച്ച കാരണങ്ങള്‍ വിവാഹ മോചനം അനുവദിക്കാന്‍ പര്യാപ്തതമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ബന്ധുക്കളുടെ മുന്നില്‍വെച്ച് ശരീരത്തില്‍ തുപ്പിയെന്നായിരുന്നു ഭര്‍ത്താവിന്റെ മറ്റൊരു ആരോപണം. എന്നാല്‍ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ക്ക് അറിവില്ല. ഇത് ക്രൂരതയാണെന്ന ആരോപണവും ഹൈക്കോടതി തള്ളി. ഭര്‍ത്താവ് തന്നെ നിരന്തരം ശാരീരിക അവഹേളനത്തിന് വിധേയയാക്കാറുണ്ടെന്നായിരുന്നു ഭാര്യയുടെ പരാതി. മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്തു. മാറിടം വലുപ്പം കൂട്ടാനായി മരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു തുടങ്ങി ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി ഭാര്യയും കോടതിയിലെത്തി. ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. ഇതിന് ശേഷം ഭര്‍ത്താവ് തന്നെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നുമായിരുന്നു ഭാര്യയുടെ സത്യവാങ്മൂലം.

വിവാഹബന്ധത്തില്‍ തുടരാന്‍ രണ്ടാമത്തെയാള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഭാര്യ ഇടപെട്ടതുകാരണം ജോലി നഷ്ടപ്പെട്ടുവെന്നായിരുന്നു ഭര്‍ത്താവ് ഉന്നയിച്ച മറ്റൊരു ആക്ഷേപം. കുടുംബ ജീവിതം പുനരാരംഭിക്കാന്‍ ഇടപെട്ട് സംസാരിക്കണമെന്ന ആവശ്യമാണ് തൊഴിലുടമയെ അറിയിച്ചതെന്നും തൊഴില്‍ നഷ്ടപ്പെടുത്തുക ഉദ്ദേശമായിരുന്നില്ലെന്നും ഭാര്യയുടെ അഭിഭാഷകന്‍ വിശദീകരിച്ചു. തൊഴിലുടമയ്ക്ക് അയച്ച ഇ മെയില്‍ സന്ദേശവും ഹാജരാക്കി. മാനസികമായി തകര്‍ന്ന ഭാര്യയുടെ അവസ്ഥയാണ് ഇ മെയില്‍ വായിച്ചതിലൂടെ ബോധ്യപ്പെടുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2012 മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ദാമ്പത്യ തര്‍ക്കങ്ങളെ തുടര്‍ന്ന് പങ്കാളിയില്‍ നിന്ന് അവകാശങ്ങള്‍ ലഭിക്കണമെന്ന് കാട്ടി ഭാര്യ 2013ല്‍ കുടുംബ കോടതിയെ സമീപിച്ചു. 2014ലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് തൃശൂര്‍ കുടുംബ കോടതിയെ സമീപിച്ചത്. വിവാഹാനന്തര ക്രൂരതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഭര്‍ത്താവിന്റെ വിവാഹമോചന ഹര്‍ജി. വിവാഹമോചനം ലഭിക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്നായിരുന്നു തൃശൂര്‍ കുടുംബ കോടതിയുടെ വിധി. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

 

Latest News