കൊല്ലം - സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യയിലുള്ള മകനെ മുത്തച്ഛന്റെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിജു രാധാകൃഷ്ണന്റെ ഇളയ മകനും കരുനാഗപ്പള്ളി അമൃത സര്വകലാശാലയിലെ ബി.സി.എ രണ്ടാം വർഷ വിദ്യാർത്ഥിയുമായ യദു പരമേശ്വരനെ(അച്ചു-19)യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
മുത്തച്ഛൻ കെ പരമേശ്വരൻ പിള്ളയുടെ വീടായ കൊല്ലം തിരുമുല്ലവാരം വിഷ്ണത്തുകാവ് പൊയിലക്കട കോമ്പൗണ്ടിൽ ശ്രീലതിയിലായിരുന്നു യദു താമസിച്ചിരുന്നത്. മരണത്തിൽ കേസെടുത്തതായി കൊല്ലം വെസ്റ്റ് പോലീസ് പറഞ്ഞു.
ഹരി പരമേശ്വരൻ സഹോദരനാണ്. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യയും യദുവിന്റെ അമ്മയുമായ രശ്മിയെ 2006 ഫെബ്രുവരി നാലിന് വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ ബിജു രാധാകൃഷ്ണനെ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. എന്നാൽ, പ്രതിയെ കുറ്റക്കാരനാണെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ബിജു രാധാകൃഷ്ണനെ പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ പോയെങ്കിലും ഹരജി തള്ളി ഹൈക്കോടതി വിധി ശരിവെക്കുകയായിരുന്നു സുപ്രീം കോടതി.