നിലമ്പൂർ- പെരുമ്പാമ്പിനെ പിടികൂടി പാചകം ചെയ്തു കഴിക്കുന്നതിനിടെ നാലു പേരെ വനപാലകർ പിടികൂടി. അകമ്പാടം എരഞ്ഞിമങ്ങാട് പൈങ്ങാക്കോട് പുത്തൻപുരക്കൽ രതീഷ്(30), എടവപ്പറമ്പിൽ സതീഷ്(30), അമ്പലക്കുന്ന് പ്രദീപ്(27), എളഞ്ചീരി അമ്പാഴത്തൊടി ദിനേശ്(33) എന്നിവരാണ് പിടിയിലായത്. അകമ്പാടം എരഞ്ഞിമങ്ങാട് വച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെ എടവണ്ണ വനം റേഞ്ച് ഓഫീസർ അബ്ദുൾ ലത്തീഫിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലായത്. ഷെഡ്യൂൾ ഒന്നിൽ വരുന്ന ജീവിയാണ് പെരുമ്പാമ്പ്. ഒന്നു മുതൽ ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. നാട്ടിൻപുറങ്ങളിലും മറ്റും പെരുമ്പാമ്പുകളെ വ്യാപകമായി കാണാൻ തുടങ്ങിയതോടെ ഇതിനെ പിടികൂടി കൊന്നു ഭക്ഷിക്കുന്ന പ്രവണത വർധിച്ചു വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരുകിലോ വേവിച്ചതും വറുത്തതുമായ ഇറച്ചിയാണ് സംഘത്തിൽ നിന്നു കണ്ടെടുത്തത്. ഇതോടൊപ്പം പാമ്പിന്റെ തലയും തൊലിയും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്തെ ഒരു വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാമ്പിനെയാണ് സംഘം കൊന്നത്. കഴിഞ്ഞ ഒന്നു മുതൽ ഔട്ട് പോസ്റ്റുകൾ നിർത്തലാക്കിയിരുന്നു. അതിനാൽ വനം സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനം നടക്കുന്നത്. ഔട്ട് പോസ്റ്റുകൾ നിർത്തലാക്കിയതിനു ശേഷമുളള ആദ്യത്തെ കേസാണിത്. അകമ്പാടം റേഞ്ചിനു കീഴിൽ അകമ്പാടം വനം സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥലമാണിത്. സെക്ഷൻ ഫോറസ്റ്റ്് ഓഫീസർമാരായ വി.പി.അബ്ബാസ്, പി.എൻ.സജീവൻ, ബി.എഫ്.ഒമാരായ കെ.ശരത്ത് ബാബു, എ.പി.റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.