കണ്ണൂര്‍ - കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ സി 309 എന്ന നമ്പറിന്റെ ഇപ്പോഴത്തെ അവകാശി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജയില്‍ ജീവിതത്തോട് വിടപറയും. ഇനിയൊരു തിരിച്ചു വരവില്ലെന്ന് കേരളത്തിലെ വിവിധ ജയിലുകളിലായി 30 വര്‍ഷത്തിലേറെക്കാലം 'കുടികിടപ്പവകാശമുള്ള ' തലശ്ശേരി തിരുവങ്ങാടുകാരന്‍ അരയാംകൊല്ലം വീട്ടില്‍ സിദ്ദിഖ് ഇത്രയും കാലം തന്റെ തറവാട് പോലെ കരുതിയ ജയിലിനോട് വിടപറയുകയാണ്. ഇനിയൊരു തിരിച്ചു വരവില്ലെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ആദ്യമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുമ്പോള്‍ സിദ്ദിഖിന് ജയിലിലെ ജോലിക്കുള്ള കൂലി 95 പൈസയായിരുന്നു. ഇപ്പോള്‍ കൂലി 220 രൂപ. ചെയ്ത തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമെന്നോണം എല്ലാം അവസാനിപ്പിച്ച് 58 ാം വയസ്സില്‍ പുതു ജിവിതം തേടിയിറങ്ങുകയാണ് മാനസാന്തരപ്പെട്ടു കഴിഞ്ഞ ഈ പെരും കള്ളന്‍
ആ ഒരു ഗ്രാം സ്വര്‍ണ്ണത്തില്‍ കുരുങ്ങിപ്പോയ ജീവിതം
മനസ്സും ശരീരവും ഉറയ്ക്കുന്നതിന് മുന്‍പ് ചെയ്ത് പോയ ആദ്യത്തെ തെറ്റ് സിദ്ദിഖിനെ കൊണ്ടു ചെന്നെത്തിച്ചത് വലിയ വലിയ തെറ്റുകളിലേക്കായിരുന്നു. 14 ാം വയസ്സില്‍ സ്വന്തം വീട്ടില്‍ നിന്ന് സഹോദരിയുടെ കുഞ്ഞിന്റെ ഒരു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരം മോഷ്ടിച്ചു കടക്കുമ്പോള്‍ സിദ്ദിഖ് അറിഞ്ഞതേയില്ല, ഇനി തന്റെ ജീവിതം മുന്നോട്ട് പോകുക കൂരിരുട്ടിലൂടെയാണെന്ന്. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ചെയ്തു പോയ ചെറിയൊരു കള്ളത്തരം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് അഞ്ഞൂറിലേറെ മോഷണങ്ങളിലേക്ക്, പലതും പിടിക്കപ്പെട്ടില്ല. സിദ്ദിഖിനെതിരെ 219 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറിയും കുറഞ്ഞുമുള്ള കാലയളവിലെ ജയില്‍ വാസവും മറ്റു കള്ളന്‍മാരുടെ കൂടെയുള്ള സഹവാസവുമെല്ലാം സിദ്ദിഖിനെ ഒരു ലക്ഷണമൊത്ത കള്ളനാക്കി മാറ്റുകയായിരുന്നു. പതിനാലം വയസ്സില്‍ സമൂഹം കള്ളനെന്ന് പേരിട്ട് വിളിച്ച സിദ്ദിഖിന് അങ്ങനെയാകാനേ കഴിയുമായിരുന്നുള്ളൂ.
സെന്‍ട്രല്‍ ജയിലിലെ ' പഠന ക്ലാസ് '
34 വര്‍ഷം മുന്‍പ്, അതായത് 1989 ലാണ് തടവു കേസില്‍ ശിക്ഷിക്കപ്പെട്ട് സിദ്ദിഖ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുന്നത്. അതുവരെ ജയില്‍ ജീവിതത്തെക്കുറിച്ച് സിദ്ദിഖിന് ഒരു പിടിപാടുമുണ്ടായിരുന്നില്ല. വിദഗ്ധമായി പൂട്ടുപൊളിക്കുന്നതിനെക്കുറിച്ച് സഹതടവുകാരന്‍ നല്‍കിയ ' പഠന ' ക്ലാസിലാണ് ഇനി തന്റെ മുന്നോട്ടുള്ള ജീവിതം ഇരുട്ടിന്റെ വഴിയിലൂടെയാണെന്ന് സിദ്ദിഖ് ഉറപ്പിച്ചത്. അപമാന ഭാരവും സമൂഹത്തോടുള്ള വെറുപ്പുമെല്ലാം തന്റെ ' തൊഴിലില്‍ ' സിദ്ദിഖിനെ കേമനാക്കി. ജയിലില്‍ സഹതടവുകാരന്‍ പൂട്ടുപൊളിക്കാന്‍ പഠിപ്പിച്ച വിദ്യയുമായി പുറത്തിറങ്ങിയ സിദ്ദിഖ് നേരെ പോയത് അടുത്ത ദിവസം ഉദ്ഘാടനം നടക്കാന്‍ പോകുന്ന ഒരു ടെക്‌സ്‌റ്റൈല്‍സിലേക്ക്. അവിടെ നിന്ന് 400 ഷര്‍ട്ടുകള്‍ മോഷിടിച്ചു കൊണ്ടാണ് സിദ്ദിഖ് കള്ളന്‍ എന്ന തന്റെ പ്രൊഫഷണല്‍ പാത വെട്ടിത്തുറന്നത്.
ഇരുട്ടും വെളിച്ചവും
ഇരുട്ടും വെളിച്ചവും പോലെയായിരുന്നു പിന്നീട് സിദ്ദിഖിന്റെ ജീവിതം. തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കും. ഇടയ്ക്കിടെ ജയില്‍വാസവും പുറത്തിറങ്ങലും. പിടിക്കപ്പെടുമ്പോള്‍ നേരെ ജയിലിലേക്ക്, പുറത്തിറങ്ങുമ്പോള്‍ വീണ്ടും മോഷണത്തിലേക്ക്. സിദ്ദിഖിന് ഇത് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. കവര്‍ച്ച നടത്തിയ സ്വര്‍ണ്ണവും പണവുമായി നാടു ചുറ്റും. മിക്കവാറും പോകുക മംഗളൂരുവിലേക്ക്, കൈയ്യിലുള്ള ആരാന്റെ മുതല്‍ തീരുന്നത് വരെ ആഡംബര ജീവിതം നയിക്കും. പണം തീരുമ്പോള്‍ വീണ്ടും മോഷണത്തിനിറങ്ങും. അതിനിടയില്‍ വര്‍ഷങ്ങള്‍ കടന്നു പോകുന്നതും അഞ്ഞൂറിലേറെ മോഷണങ്ങളുമായി കള്ളന്‍മാരിലെ പെരുങ്കള്ളനായി താന്‍ മാറുന്നതുമൊന്നും സിദ്ദിഖ് അറിഞ്ഞതേയില്ല. ഒരു കാര്യത്തില്‍ മറ്റ് പല കള്ളന്‍മാരില്‍ നിന്നും വ്യത്യസ്തനായിരുന്നു സിദ്ദിഖ്. മദ്യവും മയക്കു മരുന്നും ഉപയോഗിക്കില്ല. മാത്രമല്ല, കള്ളനാണെങ്കിലും മനസ്സിലെവിടെയോ ഒളിഞ്ഞു കിടക്കുന്ന കാരുണ്യത്തിന്റെ നീരുറവ ഇടയ്ക്ക് പുറത്തേക്കൊഴുകും. അപ്പോള്‍ തന്റെ മോഷണ മുതലിന്റെ ഒരു ഭാഗം അനാഥാലയങ്ങള്‍ക്ക് സംഭാവനയായി നല്‍കിക്കൊണ്ട് സിദ്ദിഖ് വിശുദ്ധനാകും. മോഷ്ടിക്കപ്പെട്ട മുതലാണ് തങ്ങള്‍ക്ക് സംഭാവനയായി കിട്ടുന്നതെന്ന് അനാഥാലയങ്ങള്‍ അറിയാറില്ല.
555 എന്ന മ്പറിലെ ഏറ്റവും വലിയ കൊള്ള മുതല്‍
പയ്യന്നൂരിലെ ഒരു സമ്പന്നന്റെ വീട്ടിലാണ് സിദ്ദിഖ് ഏറ്റവും വലിയ മോഷണം നടത്തിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ വേളയില്‍ നേരെ പേയത് പയ്യന്നൂരിലെ ആളില്ലാത്ത സമ്പന്ന വീട്ടിലേക്ക്. അകത്ത് കയറിയ ഉടന്‍ കണ്ടത് കൊതിപ്പിക്കുന്ന മണമൂറുന്ന ചൂട് ബിരിയാണ്. അത് വയറ് നിറച്ച് കഴിച്ച ശേഷം അലമാര കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണ്ണവും 65,000 രൂപയും കവര്‍ന്നു. തൊട്ടടുത്ത് കണ്ട സ്യൂട്ട് കെയ്‌സിനുണ്ടായിരുന്നത് നമ്പര്‍ ലോക്ക്. ആളുകളുടെ മന:ശാസ്ത്രം നന്നായി അറിയാവുന്ന സിദ്ദിഖ് ഊഹം വെച്ച് 555 നമ്പര്‍ തിരിച്ചപ്പോള്‍ സ്യൂട്ട് കെയ്‌സ് തുറന്നു. അതിലുണ്ടായിരുന്നത് 50 പവന്‍ സ്വര്‍ണ്ണവും 1.65 ലക്ഷം രൂപയും അഞ്ച് റാഡോ വാച്ചുകളും. താന്‍ ജീവിതത്തില്‍ നടത്തിയ ഏറ്റവും വലിയ മോഷണം ഇതാണെന്ന് സിദ്ദിഖ് പറയുന്നു.
കള്ളനോട് ക്ഷമിച്ച വീട്ടുകാര്‍
കാസര്‍കോട്ടെ കുമ്പളയില്‍ നിന്ന് മോഷ്ടിച്ച ഒരു പെട്ടിയില്‍ വിവിധ സാധനങ്ങള്‍ക്കൊപ്പം പാസ്‌പോര്‍ട്ടും വിമാനം ടിക്കറ്റും ഉണ്ടായിരുന്നു. പണവും പണ്ടവുമെല്ലാം നഷ്ടപ്പെടുന്നതിനേക്കാള്‍ വേദനയാണ് പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും നഷ്ടപ്പെടുമ്പോഴുണ്ടാകുകയെന്ന് സിദ്ദിഖിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മറ്റു കള്ളന്‍മാരെപ്പോലെ അവ എവിടേയ്‌ക്കെങ്കിലും വലിച്ചെറിയാന്‍ സിദ്ദിഖിന് മനസ്സു വന്നില്ല. പാസ്‌പോര്‍ട്ടില്‍ കണ്ട മേല്‍വിലാസത്തില്‍ ഇവ രണ്ടും തിരിച്ചയച്ചു. ഒപ്പം ഒരു കുറിപ്പും. ' മോഷ്ടിച്ച മറ്റു സാധനങ്ങള്‍ തിരിച്ചു തരാന്‍ സാധിക്കില്ല, ഈ കള്ളനോട് ക്ഷമിക്കുക ' ആ വീട്ടുകാര്‍ തന്നോട് ക്ഷമിക്കുമെന്നാണ് ഈ കത്തെഴുതുമ്പോള്‍ സിദ്ദിഖ് മനസ്സില്‍ കരുതിയത്. അത് തന്നെ സംഭവിച്ചു. വീട്ടുകാര്‍ തന്നോട് ക്ഷമിച്ചതായി സിദ്ദിഖ് പിന്നീട് പത്രത്തില്‍ വായിച്ചു.
ജയിലഴിക്കുള്ളില്‍ എഴുത്തുകാരന്‍ പിറക്കുന്നു.
നിരന്തര മോഷണവും ജയില്‍വാസവുമെല്ലാം സിദ്ദിഖിന് മടുത്തിരുന്നു. ഇപ്പോള്‍ അനുഭവിച്ചു വരുന്ന ശിക്ഷ ഈ മാസം അവസാനത്തോടെ തീരും. അതിന് ശേഷം തനിക്ക് ഒരു പുതിയ മനുഷ്യനായി ജീവിക്കണമെന്ന് സിദ്ദിഖ് മനസ്സിലുറപ്പിച്ചിരുന്നു. താന്‍ കാരണം കണ്ണീരു കുടിക്കേണ്ടി വന്ന ഒരുപാട് ജീവിതങ്ങള്‍, ഇത്രയും കാലം എന്ത് നേടിയെന്ന ചോദ്യം സിദ്ദിഖിനെ അലട്ടിക്കൊണ്ടിരുന്നു. പുതിയ മനുഷ്യനായി മാറാന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ക്ലാസുകള്‍ കൂടിയായപ്പോള്‍ സിദ്ദിഖ് മനസ്സില്‍ കുറിച്ചിട്ടു. ഇരുട്ടിലൂടെയുള്ള നടത്തം ഇനിയില്ല. അറിയാവുന്ന തൊഴില്‍ ചെയ്ത് എവിടെയെങ്കിലും പോയി ജീവിക്കണം. ഒരു കുടംബമുണ്ടാകണം. അതിനിടയിലാണ് താന്‍ പിന്നിട്ട ജീവിതത്തെക്കുറിച്ചും ഒരു കള്ളന്‍ എന്ന നിലയില്‍ ഇക്കാലമത്രയും കണ്ട കാഴ്ചകളെക്കുറിച്ചുമെല്ലാം സിദ്ദിഖ് ജയിലിലിരുന്ന് ഒരു നോട്ട് പുസ്‌കത്തിന്റെ താളുകളില്‍ കുറിച്ചത്. പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പ് അത് പുസ്തമാക്കാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് സിദ്ദിഖ് എന്ന എഴുത്തുകരാന്‍ പിറന്നത്. നോട്ടു ബുക്കിലെ തന്റെ കുത്തിക്കുറിക്കലുകള്‍ ജയില്‍ അധികൃതരുടെ സഹായത്തോടെ ' ഒരു കള്ളന്റെ ആത്മകഥ ' എന്ന പേരില്‍ പുസ്തകമായി. കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് ഡോ.പി.വിജയനാണ് കഴിഞ്ഞ മാസം പുസ്തകം പ്രകാശനം ചെയ്തത്.
നോവലിസ്റ്റ് കെ.സുധാകരനാണ് ഒരു കള്ളന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതിയത്. സിദ്ദിഖിന് കുറച്ച് ദിവസത്തെ പരോള്‍ ലഭിച്ചപ്പോള്‍ അവതാരിക എഴുതണമെന്നഭ്യര്‍ത്ഥിച്ച് കെ.സുധാകരനെ സമീപിക്കുകയായിരുന്നു. അതേപ്പറ്റി സുധാകരന്‍ പറയുന്നത് ഇങ്ങനെ : ഒരു ദിവസം രാവിലെ ആറിനാണ് സിദ്ദിഖ് വന്നത്. ആജാനുബാഹുവായ ഒരാള്‍. ചുമലില്‍ ഒരു ബാഗ്. സ്വയം പരിചയപ്പെടുത്തി. പോലീസും കോടതിയും ജയിലുമൊക്കെ എനിക്ക് ഒട്ടും പരിചയമില്ലാത്ത കാര്യങ്ങളാണ്. ഞാന്‍ ഞെട്ടി. ഒപ്പം നോട്ട് ബുക്ക് വായിച്ച് അത്ഭുതപ്പെട്ടു. അങ്ങനെ അവതാരിക എഴുതി നല്‍കി.
സിദ്ദിഖ് ചോദിക്കുന്നു, ഞാനാണോ കള്ളന്‍
ഒരു കള്ളന്റെ ഏറ്റവും വലിയ ഗതികേട് എന്ന് പറയുന്നത് പലപ്പോഴും അയാള്‍ക്കെതിരെയുള്ള കള്ളക്കേസുകളാണ്. മോഷ്ടിച്ചാലും ഇല്ലെങ്കിലും കള്ളക്കേസുകള്‍ ചുമത്തിക്കൊണ്ടേയിരിക്കും. സിദ്ദിഖിനും പറയാനുണ്ട് അങ്ങനെ നിരവധി അനുഭവങ്ങള്‍. ഒരു സംഭവം സിദ്ദിഖ് പറയുന്നത് ഇങ്ങനെ: ' താന്‍ ഒരു സ്‌കൂളിന്റെ പൂട്ട് പൊളിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ കള്ളക്കണക്കാണ് കൊടുത്തത്. 45,000 രൂപ കളവുപോയെന്നാണ് മൊഴി നല്‍കിയത്. എനിക്ക് സ്‌കൂളില്‍ നിന്ന് ഒരു പൈസ പോലും കിട്ടിയിരുന്നില്ല. ആ പണം പ്രിന്‍സിപ്പല്‍ തലേന്ന് വീട്ടിലേക്ക് കൊണ്ടുപോയതാണെന്ന് പോലീസിനും അറിയാമായിരുന്നു. അപ്പോള്‍ ഞാനാണോ കള്ളന്‍ ? സ്വര്‍ണ്ണമൊന്നും കളവു പോയില്ലെങ്കിലും കുറേ പവന്‍ സ്വര്‍ണ്ണം കളവുപോയെന്ന് പല വീട്ടുകാരും മൊഴി നല്‍കും. ' സിദ്ദിഖ് പറയുന്നു.
ഇനി കള്ളനെന്ന് വിളിക്കരുത്
സാഹചര്യങ്ങള്‍ കൊണ്ട് മോഷ്ടാവായി മാറിയ സിദ്ദിഖ് ജയില്‍ ജീവിതത്തിന് ശേഷം പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒറ്റ ആഗ്രഹമേ ഉള്ളൂ. ഇനിയെങ്കിലും താന്‍ കള്ളനായി അറിയപ്പെടരുത്. ചെയ്ത് പോയ കുറ്റങ്ങളെ കുറിച്ച് ആലോചിച്ച് ഒരുപാട് വേദനയുണ്ട് സിദ്ദിഖിന്. ആരും കള്ളന്‍മാരായി ജനിക്കുന്നില്ല. സാഹചര്യങ്ങള്‍ അങ്ങനെ ആക്കുന്നതാണ്. ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എല്ലാവരും കള്ളന്‍മാര്‍ തന്നെയല്ലെ. തെറ്റു ചെയ്യാത്തവരായി ആരുണ്ട്. ചെയ്യുന്ന തെറ്റുകള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിമയത്തില്‍ ശിക്ഷിക്കാന്‍ വകുപ്പില്ലാത്തത് കൊണ്ട് മാത്രമാണ് നമ്മളില്‍ പലര്‍ക്കും ആ പേര് വീഴാത്തത്. അതുകൊണ്ട് തന്നെ ഇനിയെങ്കിലും സിദ്ദിഖിനെ കള്ളനെന്ന് വിളിക്കരുത്. ആ പാവം എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ.