കണ്ണൂർ - കണ്ണൂരിലെ ബൈപാസ് വിഷയത്തിൽ സി.പി.എമ്മിനു ഇരട്ട പ്രഹരം. കീഴാറ്റൂർ, തുരുത്തി ഭൂമിയേറ്റെടുക്കലിനെതിരെ നടന്ന സമരങ്ങളോട് മുഖം തിരിച്ചു നിന്ന പാർട്ടിക്ക് കേന്ദ്രസർക്കാരിന്റെ പുതിയ നിലപാടാണ് തിരിച്ചടിയായത്. ബൈപാസ് അലൈൻമെന്റ് മാറ്റുന്നതിനു കീഴ്‌വഴക്കങ്ങൾ ലംഘിച്ച് പുതിയ വിദഗ്ധ സമിതിയെ നിയോഗിപ്പിച്ചതിലൂടെ ബി.ജെ.പി രാഷ്ട്രീയ നേട്ടവും കൊയ്തു. പാർട്ടി ഗ്രാമങ്ങളിൽ ചുവടുറപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനു വഴിയൊരുക്കി നൽകിയതും പാർട്ടി നേതൃത്വമാണെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.
വയൽക്കിളികൾ ആരംഭിച്ച സമരത്തിനു ജനശ്രദ്ധ കിട്ടിത്തുടങ്ങിയതോടെ സമരം പൊളിക്കുന്നതിനു സമര പന്തലടക്കം കത്തിച്ചു ശക്തി കാട്ടിയ പാർട്ടി നേതൃത്വത്തിനു ഇപ്പോൾ കിട്ടിയ തിരിച്ചടിക്കു കാരണം പി.ജയരാജന്റെ പ്രസ്താവനയാണ്. ബൈപാസ് രൂപരേഖ സംബന്ധിച്ചു അന്തിമ വിജ്ഞാപനം വന്നതിനു പിന്നാലെ ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് ജയരാജൻ ഇറക്കിയ പത്രക്കുറിപ്പാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചതും, ഇപ്പോഴത്തെ അപൂർവ തീരുമാനത്തിനു വഴിവെച്ചതും. അന്തിമ വിജഞാപനം ഇറക്കിയ ശേഷം, വീണ്ടും വിദഗ്ധ സമിതിയെ നിയമിക്കുകയെന്നത് ദേശീയ പാത നിർമ്മാണ ചരിത്രത്തിൽ തന്നെ അപൂർവ സംഭവമാണ്.
പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ബി.ജെ.പി ചുവടുറപ്പിക്കുമോ എന്ന ഭയമാണ് സി.പി.എമ്മിനെ സമരത്തിനെതിരെ നിർത്തിയത്. പാർട്ടി നിർദ്ദേശം ലംഘിച്ച് സമരം ചെയ്ത 11 പ്രവർത്തകരെപുറത്താക്കിയെങ്കിലും ഇവർ സമര മുഖത്ത് ഉറച്ചുനിന്നത് നേതൃത്വത്തിനു തലവേദനയായി. സി.പി.എം ജില്ലാ സെക്രട്ടറി നേരിട്ട് ഇവർ ഓരോരുത്തരുടെയും വീട്ടിൽ ചെന്ന് ചർച്ച നടത്തിയെങ്കിലും ആരും പിന്തിരിഞ്ഞില്ല. മാത്രമല്ല, സമരം ശക്തമാക്കുകയും ചെയ്തു. വയൽക്കിളികൾ പ്രഖ്യാപിച്ച ലോംഗ് മാർച്ച് സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം ഒഴിവാക്കിയെന്നതു മാത്രമാണ് നേതൃത്വത്തിനു ആശ്വസിക്കാൻ വകയായത്. കഴിഞ്ഞ മാസം 17നു ദേശീയ പാതാ വിഭാഗം ത്രി ഡി നോട്ടിഫിക്കേഷൻ പുറത്തിറക്കിയതോടെ രൂപരേഖ സംബന്ധിച്ച് ഇനി മാറ്റമുണ്ടാവില്ലെന്ന കാര്യം സുനിശ്ചിതമായിരുന്നു. ഇതോടെ സമരക്കാർക്കു പിന്തുണ നൽകിയിരുന്ന ബി.ജെ.പി നേതൃത്വവും നിശബ്ദരായി. എന്നാൽ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജൻ ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ചു പുറത്തിറക്കിയ പത്രക്കുറിപ്പാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലേക്കെത്തിച്ചത്. ബി.ജെ.പി ജില്ലാ - സംസ്ഥാന നേതൃത്വങ്ങൾ കേന്ദ്രനേതൃത്വവുമായി ബന്ധപ്പെടുകയും നേരത്തെ തന്നെ സർക്കാർ അവഗണിച്ച കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ സഹായത്തോടെ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയെ കാണുകയും സമരക്കാരുമായി കൂടിക്കാഴ്ചക്കു കളമൊരുക്കുകയുമായിരുന്നു. ഈ ചർച്ചയിൽ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഒരാളെ പോലും വിളിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
കീഴാറ്റൂർ ദേശീയപാത രൂപരേഖ, വയൽ സംരക്ഷിക്കുന്ന വിധത്തിൽ മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന. തളിപ്പറമ്പ് നഗരത്തിലൂടെ ഫ്‌ളൈ ഓവർ സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. റോഡിന്റെ വീതിക്കുറവും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും ഇവിടെയുണ്ട്. ദേശീയ പാതാ പ്രശ്‌നത്തിൽ സംസ്ഥാനത്തിനു ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് തുടക്കം മുതൽ സി.പി.എം നേതൃത്വം കൈക്കൊണ്ടിരുന്നത്. നേരത്തെയുള്ള പ്രശ്‌ന പരിഹാരത്തിനു ഇതും വിനയായി. ഇപ്പോൾ സംസ്ഥാനത്തെ മറികടന്ന് കേന്ദ്രം കൈക്കൊണ്ട തീരുമാനം രാഷ്ട്രീയമായി ബി.ജെ.പിക്കു മുൻതൂക്കം നൽകുന്നതാണ്.
പാപ്പിനിശ്ശേരി തുരുത്തിയിലെ രൂപ രേഖ സംബന്ധിച്ചും സി.പി.എം നേതൃത്വം പ്രതിക്കൂട്ടിലാണ്. 25 കുടുംബങ്ങളടങ്ങുന്ന പട്ടിക ജാതി കോളനിയും 400 വർഷം പഴക്കമുള്ള ക്ഷേത്രവും തുടച്ചു നീക്കുന്ന വിധത്തിൽ ജനപ്രതിനിധികൾ ഇടപെട്ട് രൂപരേഖയിൽ മാറ്റം വരുത്തിയെന്നാണ് ആരോപണം. ഉന്നത സി.പി.എം നേതാക്കളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി ടീച്ചർ എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സി.പി.എം പാർട്ടി ഗ്രാമമായ ഇവിടെ മാസങ്ങളായി ഈ വിഭാഗക്കാർ പ്രത്യക്ഷ സമരത്തിലാണ്. എന്നാൽ സമര പന്തലിൽ പോലും വരാൻ സി.പി.എം പ്രാദേശിക നേതൃത്വം പോലും തയ്യാറായില്ലെന്നും ഈ ദളിത് വിരുദ്ധ നിലപാടിനു വലിയ വില കൊടുക്കേണ്ടി വരുമെന്നും ദളിത് നേതാക്കൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. തുരുത്തി അലൈൻമെന്റും വിദഗ്ധ സമിതി പുനഃപരിശോധിക്കുമെന്ന കേന്ദ്ര നിലപാട് സി.പി.എം നേതൃത്വത്തിനു ഇരട്ട പ്രഹരമായി.