കൊല്ലം- ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ശാസ്താംകോട്ട രാജഗിരി അനിതാ ഭവനില്‍ ആഷ്ലി സോളമനെ(50) ആണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവു ശിക്ഷ അനുഭവിക്കണം. മക്കളുടെ പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു നിര്‍ദേശം നല്‍കി. 2018 ഒക്ടോബര്‍ 9നാണ് പത്തനംതിട്ട ചന്ദനപ്പള്ളി ഗവ എല്‍പി സ്‌കൂളിലെ അധ്യാപികയായ അനിതാ സ്റ്റീഫനെ (38) ചിരവ കൊണ്ടു തലയ്ക്കടിച്ചും കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയത്.
ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായിരുന്ന ആഷ്ലി കൊലപാതകത്തിന് ശേഷം സസ്പെന്‍ഷനിലാണ്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അനിതയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇതിനിടെ, പുരുഷ സുഹൃത്ത് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ അനിതയെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച ദിവസം ഉച്ചയ്ക്കാണ് അനിത കൊല്ലപ്പെടുന്നത്. ആദ്യം ചിരവ കൊണ്ടു തലയ്ക്കടിച്ചു. പിന്നീട് മരണം ഉറപ്പു വരുത്താനാണ് ഷാള്‍ കൊണ്ടു കഴുത്തില്‍ മുറുക്കിയത്.