തിരുവനന്തപുരം- യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. റേഷന്‍ വിതരണ രംഗത്തെ പ്രതിസന്ധി പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സര്‍ക്കാരല്ലിത് കൊള്ളക്കാര്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.
ഇന്നു രാവിലെ 6.30നാണ് ഉപരോധസമരത്തിന് തുടക്കമായത്. സെക്രട്ടേറിയറ്റിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. ഉപരോധ സമരത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
'റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ ഉപരോധം' എന്ന സമരത്തിന്റെ ഭാഗമായാണ് പ്രക്ഷോഭം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 9.30ന് സമരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിക്കും.