കൽപറ്റ-കോഴിക്കോട്-കൊല്ലേഗൽ, ഊട്ടി-ഗുണ്ടിൽപേട്ട ദേശീയപാതകളിലെ രാത്രിയാത്ര വിലക്കിനു പരിഹാരം കാണാൻ ബന്ദിപ്പുര വനത്തിൽ മേൽപ്പാലങ്ങൾ നിർമിക്കണമെന്ന കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിയുടെ നിർദേശത്തിനെതിരെ കർണാടകയിൽ പരിസ്ഥിതി പ്രവർത്തകരുടെ സേവ് ടൈഗർ കാമ്പയിൻ. രണ്ട് ദേശീയപാതകളിലും രാത്രിയാത്ര നിരോധനം ഇപ്പോഴത്തേതുപോലെ തുടരുന്നതിനു ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യവുമായി കർണാടക മുഖ്യമന്ത്രി, വനം മന്ത്രി, ഗതാഗത തുടങ്ങിയവർക്ക് സർപ്പിക്കുന്നതിനുള്ള കത്തിലേക്ക് ഓൺലൈൻ ഒപ്പുശേഖരണം നടത്തിവരികയാണ് പരിസ്ഥിതി പ്രവർത്തകർ. ഇന്നലെ ഉച്ചവരെ 35,000 പേർ കത്തിൽ ഒപ്പിട്ടു.
ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം നീക്കുന്നതിനു കേരള സർക്കാർ സമർപ്പിച്ച പ്രത്യേകാനുമതി ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറി നിർദേശങ്ങൾ നൽകിയത്. ദേശീയപാതയിൽ ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെ കടന്നുപോകുന്ന ഭാഗത്ത് അഞ്ച് സ്ഥലങ്ങളിൽ ഒരു കിലോമീറ്റർ വീതം ദൈർഘ്യത്തിൽ മേൽപ്പാലങ്ങൾ നിർമിക്കാനും ബാക്കിഭാഗം റോഡിന് ഇരുവശവും വേലികെട്ടി തിരിക്കാനുമാണ് നിർദേശം. മേൽപ്പാലങ്ങളുടെ നിർമാണത്തിനും മറ്റും ആവശ്യമായ 450 കോടി രൂപ കേരള-കർണാടക സർക്കാരുകൾ തുല്യമായി വഹിക്കണമെന്നും നിർദേശമുണ്ട്.
2010 മാർച്ച് ഒമ്പതിലെ കർണാടക ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ബന്ദിപ്പുര കടുവാസങ്കേതത്തിലൂടെയുള്ള രണ്ട് ദേശീയപാതകളിലും രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെ വാഹന ഗതാഗതം നിരോധിച്ചത്. ദേശീയപാതകളിലെ രാത്രിയാത്ര വിലക്ക് ഒഴിവാക്കുന്നതിനു കേരള സർക്കാരും വിവിധ സംഘടനകളും നടത്തിയ നീക്കങ്ങളെ ശക്തമായി എതിർക്കുന്ന നിലപാടാണ് കർണാടക സർക്കാർ സമീപകാലം വരെ സ്വീകരിച്ചത്.
രാത്രിയാത്ര വിലക്കുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിദഗ്ധസമിതിയുടെ റിപ്പോർട്ട് തേടിയിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെയാണ് സുപ്രീം കോടതി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ചത്. രാത്രിയാത്ര വിലക്കിനു അനുകൂലമായ റിപ്പോർട്ട് കമ്മിറ്റിക്കുവേണ്ടി അതിൽ അംഗമായ നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റി ഡപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കമ്മിറ്റി അധ്യക്ഷനുമായ ഉപരിതലഗതാഗത വകുപ്പ സെക്രട്ടറിയുടെ നിർദേശങ്ങൾ.
ബന്ദിപ്പുര വനത്തിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിനു അനുകൂല നിലപാട് കർണാട സർക്കാർ സ്വീകരിച്ചേക്കുമെന്ന സുചനയുടെ പശ്ചാത്തലത്തിലാണ് പരിസ്ഥിതി പ്രവർത്തകർ സേവ് ടൈഗർ കാമ്പയിനുമായി രംഗത്തുവന്നത്. നീലഗിരി ജൈവവ്യവസ്ഥയുടെ ഭാഗമാണ് ബന്ദിപ്പുര കടുവാസങ്കേതം. വനത്തിൽ മേൽപ്പാലം നിർമിക്കുന്നതിന് അര ലക്ഷത്തിൽപരം മരങ്ങൾ മുറിക്കേണ്ടവരുമെന്നും ഇത് വന്യജീവികളുടെ ആവാസവ്യവസ്ഥ തകരാറിലാക്കുമെന്നും പരിസ്ഥിതി പ്രവർത്തകരുടെ കത്തിൽ പറയുന്നു. മേൽപ്പാലങ്ങൾക്കായി നടത്തുന്ന വർഷങ്ങൾ നീളുന്ന നിർമാണം വന്യജീവികളുടെ സൈ്വരജീവിത്തിനു ഭംഗം വരുത്തുമെന്നും കത്തിലുണ്ട്.
ദേശീയപാതകളിൽ ആംബുലൻസുകൾക്കും ഫയർ ആൻഡ് റസ്‌ക്യൂ ഫോഴ്‌സിന്റെ വാഹനങ്ങൾക്കും രാത്രിയാത്ര വിലക്ക് ബാധകമല്ല. സർക്കാർ ഉടമസ്ഥതയിലുളള 16 ബസുകളും രാത്രി കടത്തിവിടുന്നുണ്ട്. ദേശീയപാത 766നു ബദലായി ഹുൻസൂർ, ഗോണിക്കുപ്പ-കുട്ട-കാട്ടിക്കുളം റോഡും കോനനൂർ-മാക്കൂട്ടം-മടിക്കേരി-കുട്ട റോഡും കർണാടക സർക്കാർ നവീകരിച്ചിട്ടുണ്ട്. കേരള സർക്കാർ അഭ്യർഥിച്ചതനുസരിച്ചാണ് ഹുൻസൂർ, ഗോണിക്കുപ്പ-കുട്ട-കാട്ടിക്കുളം റോഡ് നവീകരിച്ചത്. ഈ സാഹചര്യത്തിൽ രാത്രിയാത്ര വിലക്ക് ഇപ്പോഴുള്ളതുപോലെ തുടരുന്നതിനു സഹായകമായ നിലപാട് സർക്കാർ സ്വീകരിക്കണമെന്നു കത്തിൽ പറയുന്നു.