തിരുവനന്തപുരം- കേരളത്തില്‍ ബുധനാഴ്ച മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദമാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ശനിയാഴ്ചയോടെ മാത്രമേ ശക്തമായി ന്യൂനമര്‍ദമാകാന്‍ സാധ്യതയുള്ളൂ എന്നതിനാലാണ് മഴയില്‍ കുറവ് പ്രവചിക്കുന്നത്.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറ്- വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി വെള്ളിയാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് പ്രവചനം.
ബുധനാഴ്ച എവിടെയും പ്രത്യേക മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. സാധാരണ മഴയോ ചാറ്റല്‍മഴയോ മാത്രമാകും ജില്ലകളില്‍ ലഭിക്കുകയെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം, മലയോരങ്ങളിലടക്കം വൈകുന്നേരങ്ങളില്‍ മഴ സജീവമാകും. കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.