- ആർ.എസ്.എസും എതിരായതോടെ ബി.ജെ.പി അധ്യക്ഷന്റെ പാത ദുർഘടമായി
തിരുവനന്തപുരം- സംഘടനാ ഭാരവാഹികളെ മാറ്റി നിശ്ചയിക്കാനുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം.
പുതിയ അധ്യക്ഷൻ ചുമതലയേൽക്കുമ്പോൾ സാധാരണ ചെയ്യാറുള്ള ഭാരവാഹി മാറ്റങ്ങളാണ് ആർ.എസ്.എസിനെ കൂട്ടുപിടിച്ച് അട്ടിമറിക്കാൻ ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതോടെ പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണമെന്ന ദേശീയ നേതൃത്വത്തിന്റെ ആവശ്യം നടത്തിയെടുക്കാൻ എളുപ്പമല്ലെന്ന് പിള്ളക്ക് മനസ്സിലായിട്ടുണ്ട്. എം.ടി രമേശിനെയും ശോഭാ സുരേന്ദ്രനേയും ജനറൽ സെക്രട്ടറിമാരാക്കി നിലനിർത്തി, കെ. സുരേന്ദ്രനേയും എ.എൻ രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റുമാരാക്കി ഒതുക്കാനാണ് പിള്ളയുടെ നീക്കം. പിള്ള മുമ്പ് പ്രസിഡന്റായിരിക്കെ കെ. സുരേന്ദ്രൻ എതിരെ പ്രവർത്തിച്ചിരുന്നു. ഇതാണ് സുരേന്ദ്രനെതിരെയുള്ള നീക്കത്തിന്റെ പ്രധാന കാരണം. നിലവിൽ ആർ.എസ്.എസും സുരേന്ദ്രന് എതിരാണ്. ഈ സാഹചര്യത്തിൽ സുരേന്ദ്രനെ ഒതുക്കുകയെന്നത് പിള്ളക്ക് എളുപ്പവുമാണ്. ഇതിനെതിരേ വി. മുരളീധര വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.
സുരേന്ദ്രനേയും എ.എൻ രാധാകൃഷ്ണനേയും സംഘടനയുടെ പ്രധാന സ്ഥാനങ്ങളിൽനിന്ന് മാറ്റി നിർത്തിയാൽ മുരളീധരപക്ഷത്തിന് പാർട്ടി നേതൃത്വത്തിൽ പിടിയില്ലാതാകും. ഇതുകൂടി മുന്നിൽ കണ്ട് പിള്ളയുടെ നീക്കം തടയാനാണ് മുരളീധര വിഭാഗത്തിന്റെ ശ്രമം. പാർട്ടിയിൽ നിലവിൽ ഒരു ഗ്രൂപ്പിലും ഇല്ലാതെ നിൽക്കുകയാണ് പിള്ള. തന്നോടൊപ്പം നിൽക്കാൻ അധികമാരുമില്ലെന്ന് ഉറപ്പുള്ളതിനാൽ പി.കെ കൃഷ്ണദാസ് പക്ഷത്തെ കൂടെ കൂട്ടി അധികാരം ഉറപ്പിക്കാനുള്ള തന്ത്രമാണ് പിള്ള ഇപ്പോൾ പയറ്റുന്നത്. പി.പി മുകുന്ദനെ തിരിച്ചു കൊണ്ടുവരാനും പാർട്ടിയിലേക്ക് തിരിച്ചുവന്ന കെ. രാമൻപിള്ള്ക്ക് അർഹമായ പരിഗണന നൽകാനും പിള്ള നീക്കം നടത്തുന്നുണ്ട്.
അതേസമയം 'മീശ'നോവൽ വിവാദവുമായി ബന്ധപ്പെട്ടു ആർ.എസ്.എസും പിള്ളയും തമ്മിൽ ഭിന്നതയിലാണ്. 'മീശ' നോവൽ വിവാദത്തിൽ മാതൃഭൂമി പത്രവും മറ്റ് പ്രസിദ്ധീ കരണങ്ങളും ബഹിഷ്‌കരിക്കണമെന്ന ആർ.എസ്.എസിന്റെ രഹസ്യ നിർദേശത്തിനെതിരേ പരസ്യമായി രംഗത്തുവന്നതാണ് പിള്ളക്ക് തിരിച്ചടിയായത്. ഇതിനെതിരേ സംഘപരിവാർ നേതൃത്വം ഇടഞ്ഞതോടെ ഫേസ്ബുക്കിൽ നിഷേധക്കുറിപ്പ് നൽകി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് പിള്ള. പത്രം ബഹിഷ്‌കരിക്കാൻ സംഘപരിവാർ പ്രസ്ഥാനങ്ങൾ ആർക്കും നിർദേശം നൽകിയിട്ടില്ലെന്ന് പിള്ള പറഞ്ഞതായി മാതൃഭൂമി ശനിയാഴ്ച വാർത്ത നൽകിയിയിരുന്നു. തുടർന്ന് ആർ.എസ്.എസ് പിള്ളയോട് വിശദീകരണം ചോദിച്ചു. അതിന് ശേഷമാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ വിവാദം അടങ്ങിയില്ല. പാർട്ടി നേതാക്കളും അണികളും പിള്ളയുടെ 'മാതൃഭൂമി സ്‌നേഹ'ത്തിനെതിരേ രംഗത്തു വന്നു തുടങ്ങി. 'മീശ' മുതലെടുത്ത് ഹിന്ദുക്കളുടെ വീട്ടിൽനിന്ന് മാതൃ ഭൂമിയെ കുടിയിറക്കി പാർട്ടി പത്രമായ ജന്മഭൂമിയെ പ്രതിഷ്ഠിക്കുകയായിരുന്നു ആർ.എസ്.എസിന്റെ ഉദ്ദേശ്യം. പാർട്ടി കീഴ്ഘടകം വരെ ഈ നിർദേശം എത്തിക്കുകയും ചെയ്തു. അതിനെതിരേയാണ് പിള്ള രംഗത്തു വന്നത്. ആർ.എസ്.എസും പിള്ളയ്ക്ക് എതിരായിട്ടുണ്ട്. ആർ.എസ്.എസുമായി ഒരുമിച്ച് പോകുകയെന്നത് പിള്ളക്ക് വലിയ വെല്ലുവിളിയായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.