കോഴിക്കോട്- വെള്ളിയാഴ്ച കോഴിക്കോട്ട് കണ്ടെത്തിയ വെസ്റ്റ് നൈൽ പനി ലക്ഷണങ്ങളോടെയുള്ള പുതിയ കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ.
വെസ്റ്റ്‌നൈൽ ലക്ഷണങ്ങളോടെ പാവങ്ങാട് സ്വദേശിനിയെയാണ് ജൂലൈ 13 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ സ്രവങ്ങൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനക്കായി രണ്ടുപ്രാവശ്യം അയച്ചിരുന്നു. ആദ്യഫലം പോസിറ്റീവായിരുന്നു. രണ്ടാമത്തെ റിസൾട്ട്കൂടി പോസിറ്റീവായാലേ രോഗം സ്ഥിരീകരിക്കുവാൻ സാധിക്കുകയുള്ളൂവെന്നാണ് ഡി.എം.ഒ ഡോ. വി. ജയശ്രീ വെള്ളിയാഴ്ച പറഞ്ഞത്. എന്നാൽ രോഗിയുടെ നില മെച്ചപ്പെട്ടു വരുന്നതായാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിട്ടുള്ളത്. അതിനിടെ കഴിഞ്ഞ ദിവസം സമാന ലക്ഷണങ്ങളോടെ മറ്റൊരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇയാളും പ്രത്യേക നിരീക്ഷണത്തിലാണ്.
എന്നാൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വെസ്റ്റ്‌നൈൽ പനി മാരകമായതല്ലെന്നും ജപ്പാൻ ജ്വരത്തിന് സമാനമായ പനിയാണെന്നും മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഡോ. ജി.അരുൺ പറഞ്ഞു. 1960 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽതന്നെ എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും നേരത്തെ പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.
കോഴിക്കോട് നിപ്പാ വൈറസ് പനി ബാധിച്ചപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻപന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ഡോ. അരുൺ.
രണ്ടു മാസം മുൻപും ആലപ്പുഴയിൽ ഇത്തരം പനി കണ്ടെത്തിയിരുന്നുവത്രെ. സാധാരണയായി 60 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് ഈ വൈറസ് കാണുന്നത്.
അതിനിടെ വെസ്റ്റ്‌നൈൽ പനി ലക്ഷണങ്ങളോടെ പ്രവേശിപ്പിക്കുന്ന രോഗികളിൽ രോഗം സ്ഥിരീകരിക്കുന്നതിന് ഒരാഴ്ച സമയമെടുക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ.ജി. സജിത്കുമാർ പറഞ്ഞു. നിപ്പാ വൈറസ് ബാധ പോലെ പേടിക്കേണ്ടതല്ല വെസ്റ്റ്‌നൈലെന്നും അദ്ദേഹം പറഞ്ഞു.