തലശ്ശേരി- അശാസ്ത്രീയമായ ട്രാഫിക് സിഗ്നൽ സംവിധാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ യൂനിയനുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രഖ്യാപിച്ച പണിമുടക്ക് പാനൂരിൽ പൂർണ്ണം. മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. ബസുകൾ ഉൾപ്പെടെയുള്ള മോട്ടോർ വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. രാവിലെ സ്‌കൂളിലേക്ക് പോകേണ്ട വിദ്യാർത്ഥികളും ഓഫീസിലേക്ക് പോകേണ്ടവരും വാഹനങ്ങൾ കിട്ടാതെ വലഞ്ഞു. തലശ്ശേരിയിലേക്കുള്ള യാത്രക്കാർ പാനൂർ ഓഴിവാക്കി കല്ലിക്കണ്ടി- പെരിങ്ങത്തൂർ ബസുകളെയാണ് ആശ്രയിച്ചത്.
പണിമുടക്കനുകൂലികൾ പാനൂർ മുൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് പാനൂർ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ചു. മുൻസിപ്പാലിറ്റി പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സമരം സിനിമാ-നാടക നടൻ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു.സമരസമിതി ചെയർമാൻ കെ.കെ പുരുഷോത്തമൻ അധ്യക്ഷനായി.
ഇ .മനീഷ്, ഇ.രാജേഷ്, കെ.സന്തോഷ്, കെ.എം അശോകൻ, സി.പി പ്രമോദ്, റഷീദ് പാനൂർ, പി, ടി.കെ വിനീഷ്, നിജി കളരി, കെ. വൈശാഖ് എന്നിവർ സംസാരിച്ചു. എം.ടി ജിഗീഷ്, കെ.ദിനേശൻ, കെ.രാജൻ എന്നിവർ നേതൃത്വം നൽകി.
പാനൂരിലെ അശാസ്ത്രീയ സിഗ്നൽ സംവിധാനത്തിനെതിരെ വ്യാപാരികളും മോട്ടോർ തൊഴിലാളികളും ഏറെ നാളായി പ്രതിഷേധത്തിലാണ്. നഗരസഭാ ചെയർമാൻ നാസറിന് നിരവധി തവണ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല.തുടർന്നാണ് പൊതുജനങ്ങളുടെ കൂടി പിൻതുണയോടെ ഇന്നലെ സംയുക്ത പണിമുടക്കിന് ആഹ്വാനം നൽകിയത.്പണിമുടക്കിനോട് പൊതുജനം നല്ല രീതിയിൽ സഹകരിച്ചതായി സമര സമിതി നേതാവ് ഇ.മനീഷ് പറഞ്ഞു.