കൊച്ചി- ന്യൂജനറേഷന്‍ ബൈക്കില്‍ ഓര്‍ഡര്‍ അനുസരിച്ച് മയക്ക് മരുന്ന് ഡോര്‍ ഡെലിവറി നടത്തി വന്നിരുന്ന ആള്‍ എക്‌സൈസിന്റെ പിടിയില്‍. കാക്കനാട് പടമുഗള്‍ പാലച്ചുവട് സ്വദേശി ചേലക്കപ്പറമ്പില്‍ വീട്ടില്‍ മുനീര്‍ സി. ഐ (29) ആണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീം, എക്‌സൈസ് ഇന്റലിജന്‍സ്, എറണാകുളം സിറ്റി റേഞ്ച് എക്‌സൈസ് എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് പാര്‍ട്ടി ഡ്രഗ് എന്ന് വിളിപ്പേരുള്ള 3.5 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു.
കാക്കനാടും പരിസര പ്രദേശങ്ങളിലും ഫ്‌ളാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള താമസസ്ഥലങ്ങളില്‍ ഓര്‍ഡര്‍ അനുസരിച്ച് മയക്കുമരുന്ന് എത്തിച്ച് നല്‍കിവരുകയായിരുന്നു. മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഇയാളുടെ സ്മാര്‍ട്ട് ഫോണും ന്യൂജനറേഷന്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
ആറ് മാസത്തിന് മുന്‍പ് അടിമാലിയില്‍ വച്ച് ചെറിയ അളവിലുള്ള മയക്ക് മരുന്നുമായി അടിമാലി റേഞ്ച് എക്‌സൈസ് ഇയാളെ പിടികൂടിയിരുന്നു. ചെറിയ അളവിനെ തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയും ഈ കേസില്‍ അടുത്തിടെ പിഴത്തുക കോടതിയില്‍ കെട്ടി വയ്ക്കുകയും ചെയ്തിരുന്നു. ഇയാളെ തുടര്‍ന്നും നീരീക്ഷിക്കുന്നതിന് വേണ്ടി അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള സ്‌പെഷ്യല്‍ അക്ഷന്‍ ടീമിനേയും എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിനേയും ചുമതലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് എക്‌സൈസ് ഷാഡോ ടീമിന്റെ നിരീക്ഷത്തിലായിരുന്ന ഇയാള്‍ വീണ്ടും മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തുന്നതായി കണ്ടെത്തുകയായിരുന്നു.
കാക്കനാട് പടമുഗള്‍ ബസ്റ്റോപ്പിന് സമീപം മയക്ക്മരുന്ന് കൈമാറുന്നതിന് ഇടപാടുകാരെ കാത്ത് ന്യൂജനറേഷന്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇയാളെ എക്‌സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രധാനമായും റേവ് പാര്‍ട്ടികളില്‍ ഉപയോഗിച്ച് വരുന്ന 'പാര്‍ട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള അതിമാരകമായ മെതലിന്‍ ഡയോക്‌സി മെത്താഫിറ്റമിനാണ് (എം. ഡി. എം. എ) ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
ഇയാളില്‍ നിന്ന് നിരവധി പേര്‍ മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്. ഗ്രാമിന് 3000 രൂപ നിരക്കില്‍ വില്‍പ്പന നടത്തിവരുകയായിരുന്നു. പാര്‍ട്ടി ഡ്രഗ്ഗ് എന്നും മെത്ത് എന്നും അറിയപ്പെടുന്ന ഈ രാസലഹരി ഏകദേശം എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ ഉന്‍മാദാവസ്ഥയില്‍ തുടരുവാന്‍ ശേഷിയുള്ള അത്ര മാരകമാണ്. ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയില്ല എന്നതും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത് ഉപയോഗിച്ച് തുടങ്ങിയാല്‍ ഇതില്‍ കുറഞ്ഞ മറ്റൊരു ലഹരിയിലേയക്ക് ഇറങ്ങി ചെല്ലുവാന്‍ കഴിയില്ലായെന്നത് ഇതിന്റെ വലിയൊരു അപകടാവസ്ഥയായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍. ജി. അജിത് കുമാര്‍, കെ. ജയലാല്‍, സിറ്റി മെട്രോ ഷാഡോ സി. ഇ. ഒ. എന്‍. ഡി. ടോമി, സി. ഇ. ഒ. എന്‍. എം. മഹേഷ്, ജെ. സാജന്‍, ഡ്രൈവര്‍ പ്രവീണ്‍ പി. സി. എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.