കൊച്ചി- മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.എം.ഷാജിക്കെതിരെ സി.പി.എം നേതാവ് പി. ജയരാജൻ നൽകിയ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. 2013ൽ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജയരാജനെതിരെ പോലീസ് ചുമത്തിയത് നിസാരവകുപ്പുകളാണെന്ന് കെ.എം ഷാജി പ്രസംഗിച്ചത് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജൻ പരാതി നൽകിയത്.
നിസാര വകുപ്പുകൾ ചുമത്തി പ്രതികളെ സംരക്ഷിച്ചാൽ കുറ്റകൃത്യങ്ങൾ വർധിക്കുമെന്നും പോലീസ് കുറ്റകൃത്യങ്ങളെ ഗൗരവമായി കാണണം എന്നുമായിരുന്നു ഷാജിയുടെ പ്രസ്താവന. ഈ പ്രസ്താവന മാനഹാനി വരുത്തിയെന്നായിരുന്നു ജയരാജന്റെ പരാതി. അതേസമയം, എം.എൽ.എ എന്ന നിലയിൽ നിയമവാഴ്ച ഉറപ്പാക്കുന്ന പരാമർശങ്ങൾ തെറ്റല്ലെന്ന് കോടതിയുടെ വിലയിരുത്തി.