റിയാദ് - കാര്‍ഷിക, ഭക്ഷ്യസുരക്ഷാ മേഖലയില്‍ പരസ്പര സഹകരണത്തിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭയുടെ തീരുമാനം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ കൃഷി മന്ത്രാലവുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലിയെ ചുമതലപ്പെടുത്തി.
ഫലസ്തീന്‍ ജനതയെ നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ സൗദി അറേബ്യ പൂര്‍ണമായും നിരാകരിക്കുന്നു. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കുകയും ഉപരോധം എടുത്തുകളയുകയും വേണം. യു.എന്‍, രക്ഷാ സമിതി തീരുമാനങ്ങള്‍ക്കും 1967 ലെ അതിര്‍ത്തിയില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന അറബ് സമാധാന പദ്ധതിക്കും അനുസൃതമായി സമാധാന പ്രക്രിയ പ്രോത്സാഹിപ്പിക്കണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.