അസമിൽ 40 ലക്ഷത്തിലേറെ പൗരന്മാരെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അവസാന കരട് പട്ടികയിൽനിന്ന് പുറത്താക്കി. ഈ നടപടി കുടത്തിൽനിന്ന് ഭൂതത്തെ തുറന്നുവിടുന്നതിനു തുല്യമാണ്. ഒരുവശത്ത് പൗരത്വ രജിസ്റ്ററിന്റെ അവസാന പട്ടികയല്ലെന്ന് അധികൃതരും സുപ്രിംകോടതിവരെയും സമാശ്വസിപ്പിക്കുക. ഇവരെല്ലാം ബംഗ്ലദേശുകാരായ അനധികൃത കുടിയേറ്റക്കാരാണെന്നും അവരെ പുറന്തള്ളാൻ പ്രതിജ്ഞാബദ്ധമാണെന്നും അസമിലെയും കേന്ദ്രത്തിലെയും ഭരണകക്ഷിയുടെ ഉന്നത നേതാക്കൾ ആധികാരികമായും അഭിമാനപൂർവ്വവും പ്രഖ്യാപിക്കുക - ചെകുത്താനും കടലിനുമിടയിൽ ഭയവിഹ്വലരായി ആശങ്കയുടെ നടുക്കടലിൽ വീണത് അസമിലെ ജനസംഖ്യയുടെ വലിയൊരു ഭാഗമാണ്.
1951ലെ തെരഞ്ഞെടുപ്പ് പട്ടിക പുതുക്കാത്തതിനും ഇന്ത്യാഗവണ്മെന്റ് പിന്തുണച്ച, ഇന്ത്യൻ സൈന്യം ഇടപെട്ട ബംഗ്ലദേശ് വിമോചനം സൃഷ്ടിച്ച പൂർവ്വ പാക്കിസ്ഥാനിൽനിന്നുള്ള അഭയാർത്ഥി പ്രവാഹത്തിനും ദേശീയ പൗരത്വ രജിസ്റ്ററിലുണ്ടായിരുന്നവർ ഉത്തരവാദികളല്ല. അസമിലെ വിദ്യാർത്ഥി പ്രക്ഷോഭകാരികളുമായി പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉണ്ടാക്കിയ 1985ലെ കരാർ വ്യവസ്ഥകൾക്കും പൗരത്വ രജിസ്റ്ററും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയും പുതുക്കാതിരുന്നതിനും അസമിലെ ജനങ്ങൾ ഉത്തരവാദികളല്ല. വിഷയം സുപ്രിംകോടതിയിലെത്തി കോടതി നിർദ്ദേശാനുസരണം എൻ.ആർ.സി കുറ്റമറ്റതാക്കേണ്ട ബാധ്യതയും അതിൽ പേരുണ്ടായിരുന്നവരുടേതല്ല.
പ്രാദേശികവും ഭാഷാപരവും മതപരവുമായ വികാരങ്ങൾ ഇളക്കിവിട്ട് വോട്ടും അധികാരവും രാഷ്ട്രീയ നേട്ടങ്ങളും കൊയ്യാൻ വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും അസമിൽ മാറിമാറി ശ്രമിച്ചതിന്റെ ദുരന്തമാണ് ആ നാട് നേരിടുന്നത്. സ്വന്തം നാട്ടിൽ ഒരു സുപ്രഭാതത്തിൽ അഭയാർത്ഥികളായി, മണ്ണിലും വിണ്ണിലും അവകാശമില്ലാത്തവരായി അവർ മാറുന്നു. മൂന്നുകോടി ജനസംഖ്യയുള്ള ഒരു സംസ്ഥാനത്ത് 40 ലക്ഷത്തിലേറെപ്പേർ പൗരത്വമില്ലാതെ പുറന്തള്ളപ്പെടുന്നു. ആദ്യ പട്ടിക 2017 ജൂലൈയിൽ വന്നപ്പോൾ ഒന്നരലക്ഷം പേർക്കാണ് പൗരത്വം നഷ്ടപ്പെട്ടത്. അവസാന കരട് പട്ടികയിൽ അത് 40,07,707 ആയി.
ബംഗാളി മാതൃഭാഷയായ മുസ്ലിംങ്ങളാണ് പൗരത്വം നഷ്ടപ്പെട്ടവരിൽ ഏറെയും. ഇന്ത്യയും നേപ്പാളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഉത്തരപൂർവ്വ സംസ്ഥാനങ്ങളെ സ്വന്തം നാടായി സ്വീകരിച്ചവരാണ് നേപ്പാളി ഗൂർഖകൾ. ബ്രിട്ടീഷ് ഗവണ്മെന്റ് രൂപീകരിച്ച ഗൂർഖാ റൈഫിൾസിന്റെ പിന്തുടർച്ചക്കാർ എന്ന നിലയിൽ ഇന്ത്യൻ പൗരന്മാരായി തലമുറകളായി കഴിഞ്ഞവർ. കേരളമടക്കം വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തദ്ദേശിയരെപ്പോലെ തൊഴിലെടുത്തു കഴിയുന്ന ഗൂർഖകൾക്ക് അസം അന്യ രാഷ്ട്രമായി പെട്ടെന്നു മാറുകയാണ്. അവരുടെ ആശങ്ക ദേശവ്യാപകമായി മാറുകയും.
ഇതിനുമുമ്പ് വ്യാജപൗരന്മാരെന്ന പരാതിയുണ്ടെങ്കിൽ അതിന്റെ തെളിവുനൽകി അവരെ വോട്ടർ പട്ടികയിൽനിന്നും ദേശീയ പൗരത്വ രജിസ്റ്ററിൽനിന്നും നീക്കംചെയ്യേണ്ട ബാധ്യത പരാതിക്കാരുടേതായിരുന്നു. ഇപ്പോൾ സ്വയം തെളിവുകണ്ടെത്തി ഹാജരാക്കി എൻ.ആർ.സി അധികൃതരെയും സുപ്രിംകോടതിയെപോലും ബോധ്യപ്പെടുത്തേണ്ട ബാധ്യത പൗരത്വ രജിസ്റ്ററിൽനിന്ന് പിടലിക്കുപിടിച്ചു പുറന്തള്ളപ്പെട്ട ലക്ഷക്കണക്കായ പാവപ്പെട്ട നിരപരാധികളുടേതായി നിശ്ചയിച്ചിരിക്കുന്നു. ഇവരിൽ അതിനു കഴിവുള്ളവർ അസമിൽനിന്ന് കൊൽക്കത്തയിലെത്തി 43-ാം ഷേയ്ക്‌സ്പിയർ സരണിയിലെ ബംഗാൾ സംസ്ഥാന ആർക്കൈവ്‌സിൽ തെളിവുകൾ തേടുന്ന തിരക്കിലാണിപ്പോൾ. 1952 മുതൽ 71 വരെ ഉള്ള തെരഞ്ഞെടുപ്പു പട്ടികയിൽ തങ്ങളുടെ പൂർവ്വികരുടെ പേരുണ്ടായിരുന്നോ എന്ന അന്വേഷണത്തിൽ. 1820ൽ സ്ഥാപിച്ച ബ്രിട്ടീഷ് ഇന്ത്യയുടെ ജനറൽ റിക്കാർഡ് ഓഫീസുകൂടിയാണ് ബംഗാളിന്റെ ഈ പുരാവസ്തുശേഖരം.
ഇവരെപോലെ ലക്ഷക്കണക്കിനാളുകൾക്ക് സ്വയം തങ്ങളുടെ പൗരത്വത്തിന്റെ അടിവേരുകളുടെ തെളിവുകൾ തേടിയെടുക്കാൻ സാമ്പത്തികമായും ആരോഗ്യപരമായും ഭൗതികമായും കഴിയാത്ത സ്ഥിതിയാണ്. അവരിലേറെയും ഈ പ്രക്രിയയുടെ ഹരിശ്രീപോലും അറിയാത്തവരുമാണ്. ദേശീയ പൗരത്വ രജിസ്റ്ററും അടുത്ത ജനുവരിയിൽ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയും അസമിൽ പ്രസിദ്ധീകരിക്കുമ്പോൾ ബി.ജെ.പി ഉദ്ദേശിക്കുന്ന 'വിദേശി മുസ്ലിം'ങ്ങളെ ഒഴിവാക്കി പൂർണ്ണ ശുദ്ധീകരണം ഉറപ്പാക്കുമെന്നു വ്യക്തം.
അത് ഏതു നിലയ്ക്കായിരിക്കും എന്നത് പട്ടികയിൽനിന്ന് ഇതിനകം പുറത്താക്കപ്പെട്ടവരുടെ വിവരങ്ങളിൽനിന്നു പുറത്തുവന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ അഞ്ചാമത് രാഷ്ട്രപതിയായി 74 മുതൽ 77വരെ പ്രവർത്തിച്ച ഫക്രുദ്ദീൻ അലി അഹമ്മദിന്റെയും 80ലും 84ലും യു.പിയിലെ ബറേലി മണ്ഡലത്തിൽനിന്ന് ലോകസഭാംഗമായിരുന്ന ബീഗം അബിതാ അഹമ്മദിന്റെയും കുടുംബാംഗങ്ങൾ ഇപ്പോൾ പൗരത്വ രജിസ്റ്ററിലില്ല. 1857ൽ ശിപായി ലഹളയിൽ പങ്കെടുത്ത് ആന്തമാൻ ജയിലിൽ കഴിഞ്ഞ ബഹാദൂർ ഗാൻപുറയുടെ മൂന്നാംതലമുറയുടെ പേരക്കുട്ടികളും ഈ അവസ്ഥയിലാണ്. അസം പൊലീസിലെ മുസ്ലിംങ്ങളായ ഉദ്യോഗസ്ഥരുടെ പേരുപോലും നീക്കം ചെയ്തതായി വാർത്തയുണ്ട്. മുസ്ലിം - ഭാഷാ - ന്യൂനപക്ഷക്കാരായ നിരവധിപേർ ഇങ്ങനെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതേസമയം പഞ്ചാബിൽനിന്നുള്ള ഡൽഹി താമസക്കാരനായ പ്രധാനമന്ത്രി മൻമോഹൻസിംഗ് അസമിലെ വോട്ടർ പട്ടികയിൽ പേരുള്ളതിന്റെ പിൻബലത്തിലാണ് രാജ്യസഭാംഗവും പ്രധാനമന്ത്രിയുമായത് എന്നതും വേറിട്ട കാഴ്ചയാണെന്നു പറയേണ്ടതുണ്ട്.
അസമിൽ ബി.ജെ.പിയുടെ മുൻകൈയിൽ പൗരത്വം നിഷേധിക്കപ്പെടുന്നത് മുസ്ലിംങ്ങൾക്കു മാത്രമല്ല ന്യൂനപക്ഷങ്ങൾക്കും ഹിന്ദുക്കൾക്കും ബംഗാളികൾക്കും ബിഹാറികൾക്കുമൊക്കെയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചൂണ്ടിക്കാട്ടുന്നു. വർഗീയതയുടെയും മത-ജാതി- വിദ്വേഷത്തിന്റെയും വിത്തുവിതച്ച് ബി.ജെ.പി രാഷ്ട്രീയ വിളവു കൊയ്യുകയാണെന്ന് കുറ്റപ്പെടുത്തുന്നു.
മമത ഡൽഹിയിലെത്തി സോണിയ, രാഹുൽ ഗാന്ധി, ശരദ് പവാർ തുടങ്ങി വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളെ കാണുകയുണ്ടായി. ഈ സ്ഥിതിവിശേഷം നേരിടാൻ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്ന് അവർ ബോധ്യപ്പെടുത്തി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് അസം പ്രശ്‌നം ബംഗാളിലും ബിഹാറിലും മാത്രമല്ല രാജ്യത്താകെ ഭവിഷ്യത്തുണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പു നൽകുകയും ചെയ്തു. ബി.ജെ.പിയുടെ നീക്കം രാജ്യത്ത് രക്തപ്പുഴ ഒഴുക്കുമെന്ന മമതയുടെ പ്രസ്താവന ബി.ജെ.പി നേതൃത്വത്തെ കൂടുതൽ പ്രകോപിതരാക്കി.
യഥാർത്ഥത്തിൽ അസമിലെ പൗരത്വപ്രശ്‌നം 1979ൽ ആൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ നടത്തിയ പ്രക്ഷോഭവുമായോ ബംഗ്ലദേശിൽനിന്നുള്ള നിയമവിരുദ്ധ കുടിയേറ്റവുമായോ മാത്രം ഉയർന്നുവന്നതല്ല. ഇതെല്ലാം പ്രശ്‌നം സങ്കീർണ്ണമാക്കുകയും കേന്ദ്രവും സംസ്ഥാനവും ഭരിച്ച രാഷ്ട്രീയ പാർട്ടികൾ അതതു ഘട്ടങ്ങളിൽ തീയിൽ എണ്ണ ഒഴിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും. നേരത്തെ കോൺഗ്രസ് ചെയ്തത് ഇപ്പോൾ മറ്റൊരു രീതിയിൽ ബി.ജെ.പി മുതലെടുക്കുകയാണെന്നത് വസ്തുതയാണെങ്കിലും.
1951നും 2018നും ഇടയിലുള്ള സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ- ഭരണപരമായ ചരിത്രവുമായി ചുരുക്കിക്കാണാവുന്നതല്ല അസമിലെ പൗരത്വപ്രശ്‌നം. അസമും ബിഹാറും ത്രിപുരയുമൊക്കെ ചേർന്ന ബ്രിട്ടീഷ് ബംഗാളിന്റെ ചരിത്രത്തിലാണ് യഥാർത്ഥ വർഗീയതയുടെയും അതുമായി ബന്ധപ്പെട്ട അസഹിഷ്ണുതയുടെയും വേരുകൾ എന്നതാണ് ചരിത്ര വസ്തുത.
1757ലെ പ്ലാസിയുദ്ധത്തിലും 1764ലെ ബക്‌സർ യുദ്ധത്തിലും വിജയിച്ചാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ബംഗാൾ പ്രസിഡൻസി രൂപീകരിച്ചത്. ബംഗാളിനുമേലുള്ള ബ്രിട്ടീഷ് കൊളോണിയൽ ഭരണം പിന്നീട് ബ്രിട്ടീഷ് കിരീടത്തിന്റെ പ്രതിനിധി വൈസ്രോയി വാറൺ ഹേസ്റ്റിംഗ്‌സ് ഉറപ്പിച്ചു. അസമും ബിഹാറും മറ്റും വിശാലമായ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1874ലാണ് ബംഗാളിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് രജിസ്‌ട്രേഷൻ ആദ്യത്തെ ബംഗാൾ സെൻസസ് ആരംഭിച്ചതും രണ്ടുവർഷംകൊണ്ട് പൂർത്തീകരിച്ചതും. അതുവരെ 25 ലക്ഷമായിരുന്ന ജനസംഖ്യ 67 ലക്ഷത്തിലേക്ക് കാനേഷ്മാരിയെ തുടർന്ന് ഉയർന്നു. അതായത് ബംഗാൾ ഗവർണർക്കു കീഴിൽ ഇംഗ്ലണ്ടിനും വെയിൽസിനും തുല്യമായ പൗരന്മാർ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രജകളായുണ്ടെന്ന് രജിസ്‌ട്രേഷന്റെ ഇൻസ്‌പെക്ടർ ജനറൽ ഹെൻട്രി ബെവർലി അഭിമാനപൂർവ്വം അന്നു വെളിപ്പെടുത്തി.
ബ്രിട്ടീഷ് കൊളോണിയൽ വാഴ്ച ഭാഷാപരവും മതപരവുമായ വൈജാത്യങ്ങളുടെ ആ ജനതയെ അഭിമാനമായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യയുടെ പുരാതന ദേശീയതയുടെ അവകാശികളെന്ന് അവകാശപ്പെടുന്നവർ ആ ജനതയുടെ പിന്തുടർച്ചക്കാരെ മതത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേരിൽ ശത്രുക്കളായി കാണുന്നു. അവർക്കിവിടെ ഇടമില്ലെന്ന് ഉറപ്പുവരുത്താൻ അധികാരം പ്രയോഗിക്കുന്നു.
മതസൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ആ ജനതയെയാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ രണ്ടായി വിഭജിക്കാൻ 1905ൽ വൈസ്രോയി കർസൺപ്രഭു ശ്രമിച്ചത്. ഭരണസൗകര്യത്തിന്റെ പേരിൽ കിഴക്കും പടിഞ്ഞാറുമായി ബംഗാളിനെ വിഭജിച്ചപ്പോൾ ബംഗാളികളായ ഹിന്ദുക്കളും മുസ്ലിംങ്ങളും രണ്ട് ഇടങ്ങളിലായി. പുതുതായി സൃഷ്ടിച്ച പൂർവ്വ ബംഗാൾ അസമിനോടുചേർന്ന് മുസ്ലിം ഭൂരിപക്ഷ മേഖലയായി. അതിശക്തമായ പ്രതിഷേധത്തെ തുടർന്ന് 1911ൽ ബംഗാൾ വിഭജനം ബ്രിട്ടീഷ് ഗവണ്മെന്റിന് റദ്ദാക്കേണ്ടിവന്നു. ഇതേതുടർന്നാണ് ഈസ്റ്റിന്ത്യാ കമ്പനി കൊൽക്കത്തയിൽ സ്ഥാപിച്ച ബ്രിട്ടീഷ് ഭരണ ആസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത്.
ബങ്കിംഗ് ചന്ദ്ര ചതോപാധ്യയും സ്വാമി വിവേകാനന്ദനും ബംഗാളികളുടെ ദേശീയ വികാരം പാരമ്യത്തിലെത്തിച്ച ഘട്ടത്തിലാണ് ബ്രിട്ടീഷ് ഭരണാധികാരികൾ ബംഗാൾ വിഭജിച്ചത്. അന്ന് ദേശീയബോധം മതവിശ്വാസത്തെ അതിജീവിക്കുകയായിരുന്നു.
ജനങ്ങളെ ഇപ്പോൾ മതത്തിന്റെ പേരിൽ, വിദേശികളായ കുടിയേറ്റക്കാരുടെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് കേന്ദ്രവും അസം സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പിയാണ്. അതിനെതിരായ ചെറുത്തുനിൽപ്പ് അസമിലെ ഭാഷാ-മത - ന്യൂനപക്ഷങ്ങൾക്കൊപ്പം ബംഗാളികളെയും ബിഹാറികളെയും മറ്റ് ജനവിഭാഗങ്ങളെയും ഒക്കെ ഒന്നിച്ചണിനിരത്തി നടത്താനാണ് മമതാ ബാനർജിയുടെയും മറ്റും മുൻകൈയിൽ ഇപ്പോൾ നടക്കുന്നത്.
ഭൂമിശാസ്ത്രപരമായും സ്വാതന്ത്ര്യത്തിനുശേഷം ചരിത്രപരമായും ഇന്ത്യ അംഗീകരിച്ചുപോരുന്ന ദേശീയതയെ തള്ളിപ്പറയുന്ന ബി.ജെ.പി 19-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും 20-#ാ#ം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും ബംഗാളിലെയും അസമിലെയും മറ്റും ജനങ്ങൾ ഉയർത്തിപ്പിടിച്ച ദേശീയതയെ അംഗീകരിക്കുന്നില്ല എന്ന വൈരുദ്ധ്യവും ചരിത്രപരമായി ഇപ്പോൾ വെളിപ്പെടുന്നു.