സ്‌കൂൾ കലോൽസവങ്ങളിൽ നിന്ന് പണക്കൊഴുപ്പും കിടമൽസരവും ഒഴിവാക്കാൻ സർക്കാർ കാലാകാലങ്ങളിൽ പല പരിഷ്‌കാരങ്ങളും കൊണ്ടുവരാറുണ്ട്.എന്നാൽ അതൊന്നും ഫലം കാണാറില്ല.കുട്ടികളേക്കാൾ കൂടുതൽ രക്ഷിതാക്കൾക്ക് വാശി കൂടുകയും ഇത് മുതലെടുക്കാൻ കലാപരിശീലന രംഗത്തുള്ളവർ മുന്നോട്ടു വരികയും ചെയ്യുന്നതോടെ ഈ രംഗം കൂടുതൽ വഷളാകുകയാണ്.കലയുടെ അടിസ്ഥാന പാഠങ്ങൾ പഠിക്കാത്ത കുട്ടികളെ പോലും കാപ്‌സ്യൂൾ പരിശീലനം നൽകി അരങ്ങിലാടിക്കുന്ന പ്രവണതയുണ്ട്.മൽസരങ്ങളിൽ വിജയിച്ചാലും ഇല്ലെങ്കിലും ഇത്തരം കുട്ടികളെ പിന്നീട് വേദിയിൽ കാണാറില്ല.ചെലവഴിച്ച പണം ആവിയായി പോകുന്നു.
പല പൊതുവിദ്യാലയങ്ങളിലും ഇപ്പോൾ പണപ്പിരിവ് നടക്കുന്ന സമയമാണ്.പിരിവ് എന്തിനാണെന്നല്ലേ?
കലോൽസവങ്ങളിൽ കുട്ടികളെ മൽസരിപ്പിക്കാൻ.
കല ലക്ഷങ്ങളുടെ ഇടപാടായി മാറുന്ന കാഴ്ചയാണ് ഇത്തവണയും കാണുന്നത്.
പണക്കൊഴുപ്പിന്റെ മേളയായി കലോൽസവങ്ങൾ മാറുന്നുവെന്ന ആക്ഷേപം ഇത്തവണയും ഉയർന്നു തുടങ്ങിയിരിക്കുന്നു.
വർഷാവസാനം വിദ്യാലയങ്ങളിൽ കലാമൽസരങ്ങളുടെ കാലമാണ്.സ്‌കൂൾ യുവജനോൽസവങ്ങൾ തൊട്ട് ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂൾ കലോൽസവമായ സംസ്ഥാന സ്‌കൂൾ കലോൽസവം വരെയുള്ള മൽസരങ്ങൾ ഇടവിട്ട് എത്താൻ തുടങ്ങിയിരിക്കുന്നു.
കുട്ടികളിലെ കലാവാസനയെ പുറത്തു കൊണ്ടുവരികയും പ്രോൽസാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്ന സദുദ്ദേശ്യമാണ് സ്‌കൂൾ കലോൽസവങ്ങൾക്കുള്ളത്.എന്നാൽ ഇന്ന് അത് വലിയ സാമ്പത്തിക ബാധ്യതയായി അധ്യാപകർക്കും രക്ഷിതാക്കൾക്കും മാറിയിരിക്കുന്നു.
കലോൽസവത്തിന്റെ സംഘാടന ചെലവ് ഒരു ഭാഗത്ത്, കുട്ടികളെക്കൊണ്ട് മൽസരിപ്പിക്കാനുള്ള ഭാരിച്ച ചെലവ് മറുഭാഗത്ത്.
ഇതിനെല്ലാം ഇടയിൽ രക്ഷിതാക്കളാണ് കൂടുതലും ബുദ്ധിമുട്ടുന്നത്.
സ്‌കൂൾ കലോൽസവം നടത്താനുള്ള ചെലവ് സ്‌കൂളുകൾ തന്നെ കണ്ടെത്തണം. കുട്ടികളിൽ നിന്ന് ചെറിയ തുക വാങ്ങുന്ന സ്‌കൂളുകളുണ്ട്.എല്ലാ കുട്ടികളും പണം നൽകാൻ കഴിയുന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ളവരാകില്ല.ഇത് നിർബന്ധിത പിരിവുമല്ല.അധ്യാപകരും പി.ടി.എകളും മുൻകൈയെടുത്ത് അത് നടത്തും.എന്നാൽ സബ്ജില്ലാ തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് മുതൽ ഭാരിച്ച ചെലവുകളാണ് വരുന്നത്.ഗ്രൂപ്പ് ഇനങ്ങളിൽ കുട്ടികളെ രിശീലിപ്പിക്കൽ, വേഷവിധാനം, അരങ്ങൊരുക്കൽ തുടങ്ങിയവക്ക് വരുന്ന ചെലവുകൾ ഞെട്ടിക്കുന്നതാണ്.മലബാറിന്റെ ജനപ്രിയ കലകളായ ഒപ്പന, അറബനമുട്ട്, കോൽക്കളി എന്നിവക്കെല്ലാം പരിശീലനത്തിനായി വലിയ തുകയാണ് പരിശീലകർ ആവശ്യപ്പെടാറുള്ളത്.നാടകമാണ് ഭാരിച്ച ചെലവുള്ള മറ്റൊരു ഇനം.മലപ്പുറം ജില്ലയിലെ ഒരു വിദ്യാലയത്തിലെ കുട്ടികളെ സബ്ജില്ലാ മൽസരത്തിനായി ഇംഗ്ലീഷ് നാടകം പഠിപ്പിക്കാൻ പരിശീലകൻ ആവശ്യപ്പെട്ടത് ഒരു ലക്ഷം രുപയാണ്.ഒരിനത്തിന് മാത്രം ഇതാണ് നിരക്കെങ്കിലും ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ഇനങ്ങളുമായി മൽസരത്തിനിറങ്ങുന്ന വിദ്യാലയങ്ങൾ ലക്ഷങ്ങൾ ഒഴുക്കണം.പണം കണ്ടെത്താൻ അധ്യാപകരും കുട്ടികളും നാട്ടുകാരുടെ മുന്നിൽ പിരിവുമായി ഇറങ്ങിയിരിക്കുകയാണ്.പൂർവ വിദ്യാർഥി സംഘടനകൾ മുഖേന പണം പിരിച്ചെടുക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.
കുട്ടിപ്രതിഭകളുടെ ആവിഷ്‌കാരമെന്നതിനപ്പുറം കിടമൽസരത്തിലേക്ക് കലോൽസവം കടക്കുന്നുവെന്ന് വീണ്ടും ഓർമിപ്പിക്കുന്ന കാര്യങ്ങളാണ് വിദ്യാലയങ്ങളിൽ നടന്നു വരുന്നത്.വ്യക്തിഗത നൃത്ത ഇനങ്ങൾക്ക് കാലങ്ങളായി രക്ഷിതാക്കൾ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയ വ്യക്തിഗത ഇനങ്ങളിൽ രക്ഷിതാക്കൾ തന്നെയാണ് പണം ചെലവിടുന്നത്.നൃത്താധ്യാപകരുടെ പരിശീലന ഫീസ്, നൃത്തച്ചമയങ്ങളുടെ വില തുടങ്ങി പല വിധത്തിലാണ് ചെലവുകൾ കൂടുന്നത്. പരിശീലിപ്പിക്കാൻ ഒരു ഫീസ്, സമ്മാനം നേടിക്കൊടുക്കാൻ മറ്റൊരു ഫീസ് എന്നിങ്ങിനെയൊക്കെയുണ്ട്. കുട്ടിയെ സംസ്ഥാനതലം വരെ എത്തിച്ചാൽ ഫീസ് ഇരട്ടിയാകും.ഗ്രൂപ്പ് ഇനങ്ങളിലും കുറച്ചു കാലമായി പരിശീലന നിരക്ക് കുത്തനെ കൂടിയിട്ടുണ്ട്.
കലോൽസവങ്ങളുടെ ലക്ഷ്യം തന്നെ മാറുന്ന രീതിയിലാണ് കിടമൽസരം പിടിമുറുക്കുന്നത്.പണ്ടു കാലത്ത് സ്‌കൂളിലെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിച്ചിരുന്നത്.ഇതിനായി സമയം കണ്ടെത്തിയ പ്രത്യേക മേഖലകളിൽ കഴിവുള്ള നിരവധി അധ്യാപകർ അന്നുണ്ടായിരുന്നു. ഇന്ന് പരിശീലനം ക്വട്ടേഷൻ നൽകുകയാണ്.ഇതിനായി കലോൽസവ കാലങ്ങളിൽ കലാപരിശീലകർ രംഗത്തെത്തും.വർഷത്തിൽ ഒരിക്കലേ കിട്ടൂ എന്നതുകൊണ്ട് അവർ വലിയ നിരക്കാണ് പറയുന്നത്.ഒട്ടുമിക്ക സ്‌കൂളുകളും പരിശീലകരെ ഉപയോഗിക്കുന്നതിനാൽ ഒരു വിദ്യാലയത്തിന് മാത്രമായി ഈ കിടമൽസരത്തിൽ നിന്ന് വിട്ടുനിൽക്കാനാകില്ല.വിദ്യാർഥികളെയും രക്ഷിതാക്കളെയും പിഴിയുന്ന ഒരു കലാമാഫിയ സംഘം ഈ സീസണിൽ മുളച്ചു പൊന്താറുണ്ട്.
സ്‌കൂൾ കലോൽസവങ്ങളിൽ നിന്ന് പണക്കൊഴുപ്പും കിടമൽസരവും ഒഴിവാക്കാൻ സർക്കാർ കാലാകാലങ്ങളിൽ പല പരിഷ്‌കാരങ്ങളും കൊണ്ടുവരാറുണ്ട്.എന്നാൽ അതൊന്നും ഫലം കാണാറില്ല.കുട്ടികളേക്കാൾ കൂടുതൽ രക്ഷിതാക്കൾക്ക് വാശി കൂടുകയും ഇത് മുതലെടുക്കാൻ കലാപരിശീലന രംഗത്തുള്ളവർ മുന്നോട്ടു വരികയും ചെയ്യുന്നതോടെ ഈ രംഗം കൂടുതൽ വഷളാകുകയാണ്.ഒരു പരിശീലകൻ തന്നെ ഒരേ സബ്ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ പഠിപ്പിക്കാറുമുണ്ട്. കലയുടെ അടിസ്ഥാന പാഠങ്ങൾ പഠിക്കാത്ത കുട്ടികളെ പോലും കാപ്‌സ്യൂൾ പരിശീലനം നൽകി അരങ്ങിലാടിക്കുന്ന പ്രവണതയുണ്ട്.മൽസരങ്ങളിൽ വിജയിച്ചാലും ഇല്ലെങ്കിലും ഇത്തരം കുട്ടികളെ പിന്നീട് വേദിയിൽ കാണാറില്ല.ചെലവഴിച്ച പണം ആവിയായി പോകുന്നു.
കലാരംഗത്തെ അനഭിലഷണീയമായ ഇത്തരം പ്രവണതകൾക്കെതിരെ ആദ്യം ശബ്ദമുയരേണ്ടത് വിദ്യാലയങ്ങളിൽ നിന്നു തന്നെയാണ്.കിടമൽസരത്തിനുള്ള വേദിയല്ല സ്‌കൂൾ കലോൽസവങ്ങളെന്ന് അധ്യാപകരും രക്ഷിതാക്കളും തിരിച്ചറിയണം.കുട്ടികൾക്ക് ഈ മൽസരത്തിന്റെ അർഥമെന്താണെന്ന് പോലും അറിയില്ല.സ്‌കൂളുകളുടെ യശസ്സുയർത്താൻ വേണ്ടി അധ്യാപകരും മാനേജ്‌മെന്റുകളും നടത്തുന്ന മൽസരങ്ങളിൽ ബലിയാടാകുന്നവരാണ് കുട്ടികൾ.അപൂർവമായി ചില രക്ഷിതാക്കളും കലോൽസവങ്ങളെ വാശിയുടെ വേദികളാക്കുന്നവരാണ്.
കലോൽസവ സീസണിൽ മാത്രം കുട്ടികളെ പരിശീലിപ്പിക്കുന്ന രീതി മാറ്റി വിദ്യാലയങ്ങളിൽ കലാപരിശീലനം സ്ഥിരം സംവിധാനമാകണം.പണ്ടു കാലത്ത് സ്‌കൂളുകളിൽ നിലവിലുണ്ടായിരുന്ന കലാധ്യാപകരുടെയും സംഗീത അധ്യാപകരുടെയും തസ്തികകൾ ഇപ്പോൾ വിരളമാണ്.കലാപഠനത്തിൽ താൽപര്യമുള്ളവരും കലാവാസനയുള്ളവരുമായ കുട്ടികളെ അധ്യാപകർ തന്നെ പരിശീലിപ്പിക്കുകയും അവരെ കലോൽസവങ്ങൾക്ക് തയാറാക്കുകയുമാണ് വേണ്ടത്.കല പഠിപ്പിക്കാൻ ക്വട്ടേഷൻ നൽകി പണപ്പിരിവ് നടത്തുന്നതിനേക്കാൾ ലാളിത്യവും സത്യസന്ധതയും മികവും അതിനുണ്ടാകും.