ടൂറിസം രംഗത്തിന് കരുത്തേകാനുള്ള നിരവധി പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്കുള്ള പാസഞ്ചർ ഫെറി സർവീസ് ഇതിലൊരു സുപ്രധാന നാഴികക്കല്ലാണ്. ചെറിയപാണി എന്നാണ് ഫെറി സർവീസ് നടത്തുന്ന കപ്പലിന്റെ പേര്. ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഫെറി സർവീസ് നടത്തുന്നത്.
കൊച്ചി കപ്പൽ നിർമാണ ശാലയിൽനിന്നാണ് യാത്രക്കുള്ള ചെറുകപ്പൽ നിർമിച്ചത്. പൂർണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും. യാത്രക്കാർക്ക് 40 കിലോ വരെ ഭാരമുള്ള ലഗേജുകൾ സൗജന്യമായി കൊണ്ടുപോകാൻ സാധിക്കും. നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് ജിഎസ്ടി ഉൾപ്പെടെ ഒരാൾക്ക് 7670 രൂപയാണ് യാത്ര നിരക്ക്. നാഗപട്ടണം തുറമുഖത്തെ പാസഞ്ചർ ടെർമിനലിൽ പാസ്‌പോർട്ടും വിസയും ഹാജരാക്കിയാൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ശ്രീലങ്കയിലെ കാങ്കേശൻതുറൈയിലേക്കാണ് സർവീസ്.
ജാഫ്‌നയിലേക്കും തമിഴ്നാട്ടിലേക്കും തുഛമായ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണിത്. 2011 ൽ കടൽ വഴിയുള്ള ഗതാഗതം സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതിനെ തുടർന്നാണ് ഫെറി സർവീസുകൾ പുനരാരംഭിക്കുന്നത്. പരസ്പരം ബന്ധിപ്പിക്കലായിരുന്നു ഈ പങ്കാളിത്തത്തിലെ കേന്ദ്ര വിഷയം. ബന്ധിപ്പിക്കുക എന്നത് രണ്ട് നഗരങ്ങളെ അടുപ്പിക്കുക എന്നത് മാത്രമല്ല. അത് നമ്മുടെ രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കുന്നു, നമ്മുടെ ആളുകളെ കൂടുതൽ അടുപ്പിക്കുന്നു, നമ്മുടെ ഹൃദയങ്ങളെ കൂടുതൽ അടുപ്പിക്കുന്നു. വ്യാപാരം, വിനോദ സഞ്ചാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ബന്ധിപ്പിക്കൽ മെച്ചപ്പെടുത്തുന്നു. അത് ഇരുരാജ്യങ്ങളിലെയും യുവജനങ്ങൾക്ക് അവസരങ്ങളും സൃഷ്ടിക്കുന്നു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങളിൽ നാം ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് നരേന്ദ്ര മോഡി വ്യക്തമാക്കി. നമ്മുടെ ബന്ധത്തെ ശക്തിപ്പെടുത്തുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് നാഗപട്ടണത്തിനും കാങ്കേശൻതുറൈയ്ക്കും ഇടയിൽ സമാരംഭം കുറിക്കുന്ന ഈ ഫെറി സർവീസെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രം ഇന്ത്യയും ശ്രീലങ്കയും പങ്കിടുന്നുണ്ട്.
നാഗപട്ടണവും അതിനടുത്തുള്ള പട്ടണങ്ങളും ശ്രീലങ്കയുൾപ്പെടെ പല രാജ്യങ്ങളുമായുള്ള കടൽ വ്യാപാരത്തിന് പണ്ടേ പേരു കേട്ടവയാണ്. പൂംപുഹാർ എന്ന ചരിത്ര തുറമുഖത്തെ ഒരു കേന്ദ്രമായി പുരാതന തമിഴ് സാഹിത്യത്തിൽ പരാമർശിച്ചിട്ടുണ്ട്. സംഘകാല സാഹിത്യങ്ങളായ പട്ടിനപ്പാളൈ, മണിമേഖല എന്നിവ ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിൽ സഞ്ചരിക്കുന്ന ബോട്ടുകളെയും കപ്പലുകളെയും കുറിച്ച് പറയുന്നുണ്ടെന്നും മോഡി പറഞ്ഞു.