ഇരിട്ടി - കഞ്ചാവ് സഹിതം അഞ്ച് എൻജിനിയറിംഗ് വിദ്യാർഥികൾ പിടിയിൽ. തലശ്ശേരി പുന്നോൽ സ്വദേശി ആനന്ദ്(24), പെരിന്തൽ മണ്ണ സ്വദേശി മുഹമ്മദ് സലിം(23), പ്രഫുൽ പത്മനാഭൻ(24), ഹർഷാദ്(24), നന്ദു(25)എന്നിവരെയാണ് ഇരിട്ടി പോലീസ് അറസ്റ്റു ചെയ്തത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ കൂട്ടുപുഴയിൽ വെച്ചാണിവർ പിടിയിലായത്.
കർണാടക ചിത്ര ദുർഗ്ഗയിലെ സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് നാട്ടിലെക്കു മടങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇതിൽ മൂന്നു പേർ ഈ കോളേജിലെ പൂർവ വിദ്യാർഥികളാണ്. നൂറു ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. സ്വന്തമായി ഉപയോഗിക്കാൻ കർണാടകയിൽ നിന്നും വാങ്ങിയതാണിതെന്നാണ് ഇവർ ചോദ്യം ചെയ്യലിൽ നൽകിയ മൊഴി. പോലീസ് ഇവരുടെ വാഹനം പരിശോധിക്കാനെത്തുമ്പോഴും ഇവരിൽ മൂന്നു പേർ കഞ്ചാവ് ബീഡി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതാണ് സംശയത്തിനു കാരണമായത്. തുടർന്ന് വാഹനം പരിശോധിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.