ആലക്കോട് - സഹോദരിമാരായ രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും സഹോദരനും അമ്മാമനും പിടിയിൽ. ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലെ 11, 12 വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പിതാവായ 48 കാരൻ, 21 കാരനായ സഹോദരൻ, 46 കാരനായ അമ്മാമൻ എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റു ചെയ്തത്. നിയമപരമായ പ്രശ്‌നമുള്ളതിനാൽ ഇവരുടെ പേരു വിവരം പുറത്തു വിട്ടിട്ടില്ല.
പിതാവും സഹോദരനും വീട്ടിൽ വെച്ചും അമ്മാവൻ അയാളുടെ വീട്ടിൽ വെച്ചുമാണ് കുട്ടികളെ പീഡിപ്പിച്ചത്. അമ്മാവന്റെ വീട്ടിൽ താമസിക്കാനായി പോയ സമയത്തായിരുന്നു സംഭവം. മലയോരത്തെ ഒരു സ്‌കൂളിൽ പഠിക്കുകയായിരുന്ന കുട്ടികൾ ഇപ്പോൾ ദൂരെയുള്ള മറ്റൊരു സർക്കാർ സ്ഥാപനത്തിലാണ് പഠിക്കുന്നത്. വീട്ടിലെ പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് ബന്ധു വീട്ടിലേക്കു ഇവർ മാറിയത്. പിന്നീട് സ്‌കൂളും മാറുകയായിരുന്നു. ഇപ്പോൾ പഠിക്കുന്ന സ്‌കൂൾ അധികൃതരോടാണ് കുട്ടികൾ വിവരം പറഞ്ഞത്. ഇവർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ അധികൃതരും വനിതാ എസ്.െഎയും ചേർന്ന് മൊഴിയെടുത്തപ്പോൾ ഈ വിവരങ്ങൾ പുറത്തു വരികയുമായിരുന്നു.
ആലക്കോട് സി.ഐ ഇ.പി.സുരേശന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ പ്രതികളെ കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പനുസരിച്ച് അഞ്ച് കേസുകളാണ് ഇവർക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും വൈദ്യ പരിശോധനക്കു വിധേയമാക്കിയ ശേഷം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.