ബ്രസ്സല്സ് - ബെല്ജിയം തലസ്ഥാന നഗരിയായ ബ്രസ്സല്സില് അജ്ഞാതന് രണ്ട് സ്വീഡിഷ് ഫുട്ബോള് ആരാധകരെ വെടിവെച്ചു കൊന്നതിനെ തുടര്ന്ന് ബെല്ജിയം-സ്വീഡന് യൂറോ കപ്പ് യോഗ്യതാ മത്സരം ഇടവേളക്കു ശേഷം നിര്ത്തി വെച്ചു. സ്റ്റേഡിയത്തിലുണ്ടായിരുന്ന മുപ്പത്തയ്യായിരത്തോളം ആരാധകരെ പോലീസ് പുറത്തുവിടാതെ മണിക്കൂറുകളോളം സംരക്ഷിച്ചു. ആദ്യ പകുതിയില് സ്കോര് 1-1 ആയിരുന്നു. ബെല്ജിയം യൂറോ കപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. സ്വീഡന്റെ പ്രതീക്ഷ അസ്തമിച്ച മട്ടാണ്. അഞ്ച് കളിയില് മൂന്നും അവര് തോറ്റു.
അറബി ഭാഷയില് ഒരാള് വെടിവെപ്പിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്ന വീഡിയൊ സോഷ്യല് മീഡിയയില് പ്രചരിക്കുകയാണ്. കൊല്ലപ്പെട്ടവര് സ്വീഡന്റെ ജഴ്സിയിലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റില് നിന്ന് പ്രചോദനമുള്ക്കൊണ്ടയാളാണ് കൊലയാളിയെന്ന് പോലീസ് വക്താവ് എറിക് വാന്ഡയ്സെ അറിയിച്ചു. സ്വീഡനില് ഖുര്ആന് പ്രതികള് കത്തിച്ചത് ലോകമെങ്ങും പ്രതിഷേധമുയര്ത്തിയിരുന്നു.
ഓറഞ്ച് മേല്ക്കുപ്പായമണിഞ്ഞ് ഒരാള് സ്കൂട്ടറില് വന്നിറങ്ങുന്നതും ഉടനെ തന്നെ ആയുധമെടുത്ത് വെടിവെക്കുന്നതുമായ ദൃശ്യങ്ങള് പ്രചരിക്കുന്നുണ്ട്. രണ്ടു പേരേ കൊല്ലപ്പെട്ടുള്ളൂ എങ്കിലും ഇസ്രായില്-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില് യൂറോപ്പില് സംഭവം കനത്ത ഭീതി പരത്തി. വെറുപ്പ് വിജയിക്കില്ലെന്ന് യൂറോപ്യന് പാര്ലമെന്റ് പ്രസിഡന്റ് റോബര്ട മെറ്റ്സോള പറഞ്ഞു.