ജിദ്ദ - സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കാണാനും ചർച്ച നടത്താനും അമേരിക്കൻ വിദേശ മന്ത്രി ആന്റണി ബ്ലിങ്കന് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നതായി അമേരിക്കയിലെ മുൻനിര പത്രമായ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചയും വൈകീട്ട് നടക്കേണ്ടതായിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ മാത്രമാണ് കൂടിക്കാഴ്ചക്ക് സൗദി കിരീടാവകാശി തയാറായത്.
കൂടിക്കാഴ്ച ആരംഭിച്ചയുടൻ തന്നെ നിരപരാധികളുടെ ജീവൻ കവർന്ന യുദ്ധം അവസാനിപ്പിക്കണമെന്നും ഗാസ ഉപരോധം എടുത്തുകളയണമെന്നുമുള്ള ശക്തമായ ആവശ്യം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉന്നയിച്ചതായും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇസ്രായിൽ, ഹമാസ് സംഘർഷത്തിന്റെയും ഇസ്രായിലിന്റെ ഗാസ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ നടത്തിയ മേഖലാ പര്യടനത്തിന്റെ ഭാഗമായാണ് അമേരിക്കൻ വിദേശ മന്ത്രി റിയാദിലുമെത്തിയത്. ഗാസയിൽ ഇസ്രായിലിന്റെ നരമേധത്തിന് ചൂട്ടുപിടിക്കുന്ന അമേരിക്കയോടുള്ള കടുത്ത വിയോജിപ്പും അസംതൃപ്തിയും പ്രകടിപ്പിക്കുന്നതായി സൗദി കിരീടാവകാശിയുടെ ആന്റണി ബ്ലിങ്കനോടുള്ള സമീപനം.