Sorry, you need to enable JavaScript to visit this website.

അന്തർസംസ്ഥാന പെർമിറ്റുമായി സർവ്വീസ് നടത്തിയ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത ബസ്.

പത്തനംതിട്ട-കേന്ദ്ര സർക്കാരിന്റെ പുതിയ ഗതാഗത നിയമത്തിന്റെ അടിസ്ഥാനത്തിൽ അന്തർ സംസ്ഥാന പെർമിറ്റുമായി കോയമ്പത്തൂരിലേക്ക് സർവീസ് നടത്താനൊരുങ്ങിയ റോബിൻ മോട്ടോഴ്‌സിന്റെ ബസ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.ഇന്നലെ രാവിലെ 5.40നാണ് റാന്നിയിൽ വെച്ച് ബസ് കസ്റ്റഡിയിലെടുത്തത്.പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ സെപ്തംബറിൽ ബസ് സർവീസിന് തയ്യാറായെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു.തുടർന്ന്‌സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് ബസ് സർവീസ് തുടങ്ങിയതെന്ന് റോബിൻ മോട്ടോഴ്‌സ് ഉടമ ഗിരീഷ് പറഞ്ഞു. കോടതി ഉത്തരവ് ഉദ്യോഗസ്ഥരെ കാണിച്ചപ്പോൾ തങ്ങൾക്ക് അത് വായിക്കാനറിയില്ലെന്നാണത്രേ ഉദ്യോഗസ്ഥർ പറഞ്ഞത്.
പുലർച്ചെ 5.30 നാണ് പത്തനംതിട്ടയിൽ നിന്ന് ബസ് പുറപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്ത് കയറിയ ധാരാളം യാത്രക്കാരും ബസിൽ ഉണ്ടായിരുന്നു. റാന്നിയിലെത്തിയപ്പോൾ ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പും പോലീസും ഉള്ളിൽ കയറി യാത്രക്കാരെ ഇറക്കി വിടുകയായിരുന്നു.  കേന്ദ്രസർക്കാരിന്റെ പുതുക്കിയ ഗതാഗത നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റോബിൻ ബസ് സർവീസ് നടത്തിയത്. ആദ്യം സർവീസ് തുടങ്ങിയപ്പോഴും ഇതു പോലെ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് ഉടമ ഗിരീഷ് സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ഒന്നര ലക്ഷം രൂപ നികുതി അടച്ചാണ് വാഹനം സർവീസിന് ഇറക്കിയതെന്ന്  ഗിരീഷ് പറഞ്ഞു.ഇപ്പോൾ പിടിച്ചെടുത്ത ബസ് തിരിച്ചു കിട്ടാൻ രണ്ടാഴ്ചയെങ്കിലും സമയം എടുക്കും. അപ്പോഴേക്കും താൻ അടച്ച നികുതി നഷ്ടം വരുമെന്നും ഉടമ പറഞ്ഞു.
കേന്ദ്ര നിയമ പ്രകാരം ശബരിമല ഉൾപ്പെടെ സർവീസ് നടത്തുന്നതിനായി സ്വകാര്യ ബസ് ഉടമകൾ തയ്യാറാകുമ്പോൾ ആണ് റാന്നിയിൽ വീണ്ടും ബസ് തടഞ്ഞത്.കേന്ദ്ര സർക്കാറിന്റെ പുതിയ ട്രാൻസ്‌പോർട്ട് നിയമത്തിലാണ് അന്യ സംസ്ഥാന സർവീസിനുള്ള കളം ഒരുങ്ങിയത്.
പെർമിറ്റ് കോൺട്രാക്ട് കാരിയർ സർവീസ് നടത്തുന്നതിനാണെന്നും സ്‌റ്റേജ് കാരിയർ ആയി വാഹനം ഓടിയതിനാണ് പിടിച്ചെടുത്തതെന്നും പത്തനംതിട്ട ആർ.ടി.ഒ എ.കെ ദിലു പറഞ്ഞു.കോൺട്രാക്ട് കാരിയറുകൾക്ക് ഒരു സ്ഥലത്തു നിന്നും ആളെ എടുത്തു കൊണ്ട് മറ്റൊരിടത്ത് ഇറക്കാനാണ് പെർമിറ്റ് കൊടുക്കുന്നത്. ഇവർക്ക് ഇടക്ക് നിർത്തി ആളെ കയറ്റാനോ ഇറക്കാനോ അതനുസരിച്ചുള്ള യാത്രാക്കൂലി വാങ്ങുന്നതിനോ കഴിയില്ല. സെപ്റ്റംബർ 12 ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഈ രീതിയിലുള്ള ബസുകൾ അനുവദിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചിരുന്നു.ഈ തീരുമാനമാണ് നടപ്പാക്കിയിരിക്കുന്നത് എന്നും ആർ.ടി.ഒ പറഞ്ഞു.
ബംഗളൂരിൽ നിന്നും നിരവധി സർവീസുകൾ കേരളത്തിലേക്ക് നടക്കുമ്പോൾ കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള സർവീസ് തടസപ്പെടുത്തുന്നത് എന്തിനാണ് എന്നാണ് റോബിൻ ബസ് ആരാധകർ ചോദിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും ഉടമ ഗിരീഷ് പറഞ്ഞു
 

Latest News