കൊല്ലം- കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന റെയില്‍ ലെവല്‍ ക്രോസ്സുകള്‍ എല്ലാം മാറ്റി തല്‍സ്ഥാനത്ത് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കല്ലുംതാഴം, എസ്.എന്‍ കോളേജ് ജംഗ്ഷന്‍, പോളയത്തോട്, കൂട്ടിക്കട, ഒലാല്‍, മയ്യനാട് , ലെവല്‍ ക്രോസുകള്‍ക്ക് പകരം മേല്‍പ്പാലം നിര്‍മിക്കാന്‍ റയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കിയിട്ടുണ്ട്. റയില്‍വേ മന്ത്രാലയം അനുമതി നല്‍കിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. നിര്‍മാണ പ്രവൃത്തിയുടെ ജനറല്‍ അലൈന്‍മെന്റ് ഡ്രോയിംഗ് (ജി.എ.ഡി) സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി റെയില്‍വേയുടെ അനുമതി ലഭ്യമാക്കി ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച് റയില്‍വേയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമ്പോഴാണ് നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുന്നത്.
ഇതില്‍ കല്ലുംതാഴം, എസ്.എന്‍ കോളേജ് ജംഗ്ഷന്‍, പോളയത്തോട്, കൂട്ടിക്കട റയില്‍ മേല്‍പ്പാലങ്ങളുടെ ജി.എ.ഡി ക്ക് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. മയ്യനാട് ഒഴികെയുളള മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചിലവ് 50:50 എന്ന ക്രമത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായിട്ടാണ് പങ്കിടുന്നതാണ്. ഈ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കിയാല്‍ അടിയന്തിരമായി റയില്‍വേ നിര്‍മ്മാണ നടപടികള്‍ ആരംഭിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി.
കൊല്ലത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് കുണ്ടറ. റെയില്‍വേ ഗേറ്റുകള്‍ അടയ്ക്കുന്നതനുസരിച്ച് ഗതാഗതം ബുദ്ധിമുട്ടാകുന്നു. ഇതിനു പരിഹാരമായി റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിന് റെയില്‍വേ അനുമതി നല്‍കിയിട്ട് വര്‍ഷങ്ങളായി.കുണ്ടറ പള്ളിമുക്ക് മേല്‍പ്പാലത്തിന് റയില്‍വേ അനുമതി നല്‍കയിട്ട് ഒരു ദശാബ്ദമായി. എന്നാല്‍ 10 വര്‍ഷം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ യഥാസമയം സ്വീകരിക്കാത്തതിനാല്‍ മേല്‍പ്പാലം നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല. കുണ്ടറ-ഇളമ്പള്ളൂര്‍ മേല്‍പ്പാലത്തിന് അനുമതി ലഭിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെയായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ നിര്‍മ്മാണം അനന്തമായി നീളുകയാണ്.
സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രവര്‍ത്തിക്കായി ഒരേ സമയം വിവിധ എജന്‍സികളെ നിയോഗിക്കുകയും ഒന്നിലേറെ ഭരണാനുമതി നല്‍കുകയും ചെയ്തതിനാല്‍ ഒരു എജന്‍സിക്കും നടപടിയുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത വണ്ണം ഭരണപരമായും സാങ്കേതികമായും പ്രതിസന്ധി ഉണ്ടായിരിക്കുന്നു.