അബുദബി- യുഎഇയില്‍ കോടികളുടെ ഭാഗ്യം വീണ്ടുമൊരു മലയാളി പ്രവാസിയെ തേടിയെത്തി. അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹമിന്റെ (18.75 കോടി രൂപ) ഒന്നാം സമ്മാനം ലഭിച്ചത് ദുബയില്‍ പ്രവാസിയായ യോഹന്നാന്‍ സൈമണിന്. കൊല്ലം കുണ്ടറ സ്വദേശിയായ സൈമണ്‍ 13 വര്‍ഷമായി യുഎഇയിലെത്തിയിട്ട്. ജൂലൈ എട്ടിനു വാങ്ങിയ 41614 നമ്പര്‍ ടിക്കറ്റിലൂടെയാണ് ഭാഗ്യം വീണ്ടുമൊരു പ്രവാസി മലയാളിയെ തേടിയെത്തിയത്. ഒരിക്കലും വിശ്വസിക്കാനായില്ല. സമ്മാനം ലഭിച്ചുവെന്നറിയിപ്പു കേട്ട് ഇതു വ്യാജ വാര്‍ത്തയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. വലിയ ദൈവാനുഗ്രഹം തന്നെ- സൈമണ്‍ പ്രതികരിച്ചു.
നേരത്തെ സുഹൃത്തുക്കളൊന്നിച്ച് ടിക്കറ്റെടുത്തിരുന്നെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. സ്വന്തമായി എടുത്ത ടിക്കറ്റിനാണ് ഇപ്പോള്‍ കോടികളുടെ സമ്മാനം അടിച്ചിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ ചെറിയ ബിസനസ് പച്ചപിടിച്ചു വരുന്നതെയുള്ളൂ. സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നു സൈമണ്‍. ഇതിനിടെ അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം ഉപയോഗിച്ച് ബിസിനസ് വിപുലപ്പെടുത്തുമെന്നും ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ ചെലവഴിക്കുമെന്നും സൈമണ്‍ പറഞ്ഞു.
ഈ സന്തോഷ വേളയില്‍ ഭാര്യ കൂടെ ഇല്ലാതെ പോയതിലുള്ള ദുഃഖം സൈമണ്‍ മറച്ചു വയ്ക്കുന്നില്ല. കുട്ടികളുണ്ടാകില്ലെന്നു വിധിച്ച ഈ ദമ്പതികളെ തേടിയെത്തിയ ആദ്യ ഭാഗ്യം ഇരട്ടക്കുട്ടികളായിരുന്നു. പിന്നീട് ഇതാ ജീവിതത്തില്‍ മറ്റൊരു വലിയ ഭാഗ്യം ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നു. മൂന്ന് മക്കളുള്ള സൈമണിന്റെ ഭാര്യം രണ്ടു വര്‍ഷം മുമ്പാണ് മരിച്ചത്. രണ്ടു മക്കള്‍ ഇരട്ടകളാണ്. ഇവര്‍ യുഎഇയില്‍ തന്നെ ജോലി ചെയ്യുന്നു. ഇളയ മകന്‍ ചെങ്ങനാശ്ശേരിയില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.