Sorry, you need to enable JavaScript to visit this website.

വ്യാജ ആയുര്‍വേദ മരുന്നുവില്‍പ്പന സംഘം പിടിയില്‍

തളിപ്പറമ്പ് - വ്യാജ ആയുര്‍വേദ മരുന്നുവില്‍പ്പന സംഘം പിടിയില്‍. ആന്ധ്ര സ്വദേശി രാജുവിനെയും സംഘത്തെയുമാണ് ബക്കളത്തു നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുറച്ചുനാളുകളായി മലയോരമേഖലകളിലും തളിപ്പറമ്പ് നഗരത്തിന്റെ പലഭാഗങ്ങളിലുമായി വില്പന നടത്തിവരികയായിരുന്നു ഈ സംഘം. നടുവേദന, ശരീരവേദന തുടങ്ങിയ
രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘം വീട്ടില്‍ എത്തി സ്ത്രീകളെയാണ് ഇവര്‍ പാട്ടിലാക്കുന്നത്. മുന്‍കൂറായി പണം വാങ്ങിയും മരുന്ന് കൊടുത്തതിന് ശേഷം പണം കൈക്കലാക്കുകയുമാണ് ഇവര്‍ കൂടുതലായും ചെയ്യുന്നത്. പാക്കറ്റുകളിലാക്കി ഗുളിക രൂപത്തിലും പൊടി രൂപത്തിലും ഉള്ള മരുന്നുകളാണ് ഇവര്‍ വില്പന നടത്തുന്നത്.
പല സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളിലായാണ് ഇവര്‍ വ്യാജ മരുന്നുകള്‍ വില്പന നടത്തുന്നത്. തളിപ്പറമ്പ്, പടപ്പേങ്ങാട്, ആലക്കോട് എന്നീ മേഖലയില്‍ വില്പന നടത്തുകയും ഇത് വാങ്ങിക്കഴിച്ചവര്‍ക്ക് വയറുവേദന, വയറിളക്കം ഛര്‍ദ്ദി തുടങ്ങി പലതരത്തില്‍ ഉള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് വ്യാജ ആയുര്‍വേദ മരുന്ന് വാങ്ങി വഞ്ചിതരായവര്‍ തളിപ്പറമ്പ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇത്തരത്തില്‍ മരുന്ന് വാങ്ങി കഴിച്ച് 'പണി കിട്ടിയ' ഓരോരുത്തരുടേയും അനുഭവം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബക്കളത്ത് ഈ സംഘം ഉണ്ടെന്ന് അറിഞ്ഞ് നാട്ടുകാര്‍ ഇവരെ പിടിച്ചു നിര്‍ത്തുകയും തളിപ്പറമ്പ് മലയോര പ്രദേശത്തെ മരുന്ന് വാങ്ങി വഞ്ചിതരായവരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സ്ഥലത്ത് എത്തി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ പിടികൂടി പോലീസില്‍ ഏല്പിച്ചു. പലഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളില്‍ നിന്നായി മരുന്ന് കൊടുത്ത് ഇവര്‍ കൈക്കലാക്കിയത് ലക്ഷങ്ങളാണ്. ചപ്പാരപ്പടവ് ഭാഗത്തുനിന്ന് മാത്രം 3 ലക്ഷത്തോളം രൂപയാണ് ഇവര്‍ വാങ്ങിച്ചത്. മുന്‍കൂറായി പൈസ വാങ്ങി മരുന്ന് നല്‍കാതെയും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശികളാണ് കൂടുതലായും തട്ടിപ്പിനിരയായത്. നടുവേദന,മുട്ടുവേദന, കൂടാതെ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ ഇവരുടെ ആയുര്‍വേദ മരുന്ന് കഴിച്ച് എഴുന്നേല്‍പ്പിച്ചു നടത്തിയിട്ടുണ്ടെന്നും മറ്റും പറഞ്ഞാണ് പലഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളില്‍ നിന്നായി മരുന്ന് കൊടുത്ത് ഇവര്‍ കൈക്കലാക്കിയത് ലക്ഷങ്ങളാണ്. ഇവര്‍ നന്നായി മലയാളം സംസാരിക്കും. കണ്ണൂരിലെ പാപ്പിനിശ്ശേരിയിലാണ് ഈ സംഘം താമസിച്ചിരുന്നത്.
 

 

Latest News