ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചത് 3,41,467 വിസകൾ
റിയാദ് - സൗദിയിൽ ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കുറവു വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് രണ്ടു ശതമാനം കുറവാണ് ആദ്യപാദ വർഷത്തിൽ രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ പാദത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടു ശതമാനം കുറവ് രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.പുതിയ കണക്ക് പ്രകാരം സൗദിയിൽ 13,63,324 ഹൗസ് ഡ്രൈവർമാരാണുള്ളത്. ആകെ 23,99,103 വീട്ടുവേലക്കാരുണ്ട്. വീടുകളിൽ സേവന, ക്ലീനിംഗ് തൊഴിലാളികളായി 6,84,622 വനിതകളും 2,36,593 പുരുഷന്മാരും ജോലി ചെയ്യുന്നു. ഹൗസ് മാനേജർമാരായി 1,550 പുരുഷന്മാരും 952 വനിതകളും പാചകക്കാരും വെയ്റ്റർമാരുമായി 15,502 പുരുഷന്മാരും 2,645 വനിതകളും വാച്ച്മാന്മാരായി 34,514 പുരുഷന്മാരും വീടുകളിലെ തോട്ടം തൊഴിലാളികളായി 2,685 പുരുഷന്മാരും ടൈലർമാരായി 752 പുരുഷന്മാരും 1,258 വനിതകളും ഹോം നഴ്‌സുമാരായി 617 പുരുഷന്മാരും 1,930 വനിതകളും ട്യൂഷൻ അധ്യാപകരായി 495 പുരുഷന്മാരും 4,698 വനിതകളും ജോലി ചെയ്യുന്നുണ്ട്. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം ഗാർഹിക തൊഴിലാളികളിൽ 16,88,722 പേർ പുരുഷന്മാരും 7,10,381 പേർ വനിതകളുമാണ്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ പുരുഷ ഗാർഹിക തൊഴിലാളികൾ 16,73,336 ഉം വനിതകൾ 7,39,337 ഉം ആയിരുന്നു.
ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത് 3,41,467 വിസകൾ. ഇതിൽ 64.8 ശതമാനവും ഗാർഹിക തൊഴിലാളികൾക്കുള്ള വിസകളായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ പുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 1,80,101 വിസകളും വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് 1,61,366 വിസകളും അനുവദിച്ചു. ആകെ വിസകളിൽ 52.8 ശതമാനവും അനുവദിച്ചത് പുരുഷ തൊഴിലാളികൾക്കാണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
മാർച്ച് 31 ന് അവസാനിച്ച ആദ്യ പാദത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 13,570 പേരുടെ കുറവാണുണ്ടായത്. ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം 23 ലക്ഷത്തോളം ഗാർഹിക തൊഴിലാളികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ രാജ്യത്ത് 24 ലക്ഷം ഗാർഹിക തൊഴിലാളികളുണ്ടായിരുന്നു.
പുരുഷ ഗാർഹിക തൊഴിലാളികൾ പ്രതിമാസം 355 കോടി റിയാലും വർഷത്തിൽ 4,260 കോടി റിയാലും വേതനയിനത്തിൽ കൈപ്പറ്റുന്നു. വനിതകൾ പ്രതിമാസം 165 കോടി റിയാൽ വേതനം കൈപ്പറ്റുന്നു. പുരുഷ, വനിതാ ഗാർഹിക തൊഴിലാളികൾ പ്രതിവർഷം 5,660 കോടിയിലേറെ റിയാൽ വേതനയിനത്തിൽ കൈപ്പറ്റുന്നുണ്ടന്നാണ് കണക്കാക്കുന്നത്. ഹൗസ് ഡ്രൈവർമാർക്ക് വേതനം വിതരണം ചെയ്യുന്നതിന് തൊഴിലുടമകൾ വർഷത്തിൽ 3,530 കോടി റിയാൽ ചെലവഴിക്കുന്നുണ്ട്. സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ ശരാശരി വേതനം 1,882 റിയാലാണ്. പുരുഷ തൊഴിലാളികളുടെ ശരാശരി വേതനം 2,122 റിയാലും വനിതകളുടെ ശരാശരി വേതനം 1,577 റിയാലുമാണ്. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ ആകെ 10.183 ദശലക്ഷം വിദേശികളാണുള്ളത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നിൽ ഒന്ന് വിദേശികളാണ്.