റിയാദ്- തബൂക്കിലെ അല്‍വജാ ഡൊമസ്റ്റിക് വിമാനത്താവളത്തിലേക്കെടുത്ത ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുകയോ മാറ്റിയെടുക്കുകയോ പണം തിരിച്ചുവാങ്ങുകയോ ചെയ്യുമ്പോള്‍ യാതൊരു ഫീസും ഈടാക്കില്ലെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ഈ മാസം 29 ഞായറാഴ്ച മുതല്‍ ഇവിടേക്കുള്ള സര്‍വീസുകള്‍ റെഡ്‌സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനെ തുടര്‍ന്നാണിത്.
അല്‍വജാ, റെഡ് സീ ഇന്റര്‍നാഷണല്‍ വിമാനത്താവളങ്ങള്‍ക്കിടയില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിന് അല്‍വജാ വിമാനത്താവളം വികസിപ്പിക്കുന്നതിന്റെ ചുമതലയുള്ള റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി സൗജന്യ ബസുകള്‍ അനുവദിക്കും.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ നിന്നും റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും റെഡ്‌സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ടുവീതം സര്‍വീസുകളാണ് ഉണ്ടാവുകയെന്നും സൗദിയ അറിയിച്ചു.