തിരുവനന്തപുരം-നാളെ രാത്രി മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിപ്പുമായി മന്ത്രി കെ രാജന്‍. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാനുള്ള തയാറെടുപ്പ് നടത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തേക്ക് അവധികള്‍ റദ്ദാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തന്നെ ഉദ്യോഗസ്ഥര്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ ലളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
നാളെ മുതല്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ കനത്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് നാളെ മഴ കനക്കാന്‍ സാധ്യത. ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ക്യാമ്പുകളില്‍ ആകെയുള്ളത് 875 പേരാണ്.ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തിരുവനന്തപുരം താലൂക്കിലാണ് (16 ക്യാമ്പുകള്‍). ഇവിടെ 580 പേരാണുള്ളത്. ജില്ലയില്‍ 6 വീടുകള്‍ പൂര്‍ണ്ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നാണ് ഔദ്യോഗിക കണക്ക്. ചിറയിന്‍കീഴ് താലൂക്കില്‍ നാല് ക്യാമ്പുകളിലായി 249 പേരെയും വര്‍ക്കല താലൂക്കില്‍ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപാര്‍പ്പിച്ചു.