Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം

തിരുവനന്തപുരം- തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി. അതേസമയം, ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങള്‍ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികള്‍. അശാസ്ത്രീയമായ നിര്‍മാണവും അടച്ചുക്കെട്ടലും മുതല്‍ ഓടകള്‍ വൃത്തിയാക്കാത്തത് വരെ വെള്ളക്കെട്ടിന് കാരണമായി. കൃത്യമായ മുന്നറിയിപ്പുകളില്ലാതിരുന്നതും പിഴവായി.
പ്രളയക്കാലത്ത് പോലും കണ്ടിട്ടില്ലാത്ത കാഴ്ചകളിലേക്കാണ് തിരുവനന്തപുരം ഇന്നലെ കണ്‍തുറന്നത്. ഒറ്റരാത്രി കൊണ്ട് നഗരം മുങ്ങി.അതിശക്തമായ മഴയാണ് കിട്ടിയതെങ്കിലും മഴ മാത്രമല്ല നഗരം മുങ്ങാന്‍ കാരണമെന്ന് തലസ്ഥാനവാസികള്‍ പറയുന്നു. അമ്പലത്തിങ്കരയില്‍ വീടുകളിലേക്കും ഹോസ്റ്റലുകളിലേക്കും വെള്ളം കയറാന്‍ കാരണം, ടെക്നോപാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചുതോട് അടച്ചുക്കെട്ടിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കുമാരപുരം ഭാഗത്ത് വെള്ളക്കെട്ടിനും വീടുകളിലേക്ക് വെള്ളം കയറിയതിനും ഒരു കാരണം പൊളിച്ചിട്ട റോഡും, റോഡിലെ കുഴികളും. ഓടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വെള്ളമൊഴുകി പോയതേയില്ല. ഉള്ളൂര്‍ ശ്രിചീത്ര നഗറിലും വില്ലനായത് അശാസത്രീയ ഓടനിര്‍മാണം. വേളിയില്‍ പൊഴി തുറന്നെങ്കിലും, ആമയിഴഞ്ചാന്‍ തോടില്‍ ഒഴുക്കിന് തടസ്സമുണ്ടായതിനാല്‍ വെള്ളമിറങ്ങാന്‍ ഏറെ സമയമെടുത്തു.തോടുകളും ഓടകളും ശുചിയാക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Latest News