റിയാദ് - വാണിജ്യ വഞ്ചനയെ കുറിച്ച് വിവരം നൽകിയതിന് സൗദി പൗരന് മുക്കാൽ ലക്ഷം റിയാൽ പാരിതോഷികം. അബഹയിൽ പ്രവർത്തിക്കുന്ന കാർ ഏജൻസി നടത്തിയ വാണിജ്യ വഞ്ചനയെ കുറിച്ച് വിവരം നൽകിയ സഈദ് സ്വാലിഹ് അൽശഹ്‌റാനിക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം 75,000 റിയാൽ പാരിതോഷികം കൈമാറി. കേടുപാടുകൾ സംഭവിച്ച കാറിലെ തകാറുകൾ തീർത്ത് പുതിയ കാറാണെന്ന വ്യാജേന വിൽപന നടത്തിയ സ്ഥാപനത്തെ കുറിച്ച് സൗദി പൗരൻ മന്ത്രാലയത്തിന് പരാതി നൽകുകയായിരുന്നു. ഈ കേസിൽ കാർ ഏജൻസിക്ക് മന്ത്രാലയം മൂന്നു ലക്ഷം റിയാൽ പിഴ ചുമത്തി. തുടർന്നാണ് നിയമ ലംഘനത്തെ കുറിച്ച് വിവരം നൽകിയ സൗദി പൗരന് മന്ത്രാലയം പാരിതോഷികം കൈമാറിയത്.