തലശ്ശേരി- പഴയകാല കോൺഗ്രസ് നേതാവ് പാനൂരിലെ കെ. നാണു മാസ്റ്ററുടെ ആത്മകഥ 'എന്റെ പ്രിയ നാടേ' പുസ്തകം പ്രകാശനം ചെയ്തു. മുൻ മന്ത്രി പി.ആർ. കുറുപ്പിനെതിരെ രൂക്ഷമായ വിമർശനമാണ് പുസ്തകത്തിലുള്ളത.്
പി.ആർ. കുറുപ്പിന്റെയും സോഷ്യലിസ്റ്റുകാരുടെയും അസഹിഷ്ണുതാ രാഷ്ട്രീയം പച്ചയായാണ് കെ. നാണു മാസ്റ്റർ തന്റെ ആത്മകഥയിൽ പറയുന്നത്. ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തുന്ന പുസ്തകത്തിൽ കോൺഗ്രസുകാരനായതിന്റെ പേരിൽ നാണു മാസ്റ്റർ അനുഭവിച്ച തീക്ഷണമായ ജീവിതാനുഭവങ്ങൾ അടയാളപ്പെടുത്തിയാണ് ആത്മകഥ സഞ്ചരിക്കുന്നത്. 83 കാരനായ നാണു മാസ്റ്റർ 50 വർഷത്തെ തന്റെ പൊതു രാഷ്ട്രീയ ജീവിതത്തിൽ സംഭവിച്ച മുറിപ്പാടുകളും പാനൂർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അദ്ദേഹം ചെയ്ത വികസന പ്രവർത്തനവും വ്യക്തിജീവിതവും വിവരിക്കുന്നു.
പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുസ്തക പ്രകാശനം അഡ്വ. പി.എം. സുരേഷ് ബാബു നിർവഹിച്ചു. എഴുത്തുകാരൻ പന്ന്യന്നൂർ ഭാസി ആദ്യപതിപ്പ് ഏറ്റുവാങ്ങി. എ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ശശിധരൻ പുസ്തകം പരിചയപ്പെടുത്തി. കെ. നാണു മാസ്റ്റർ പ്രതിവചനം നടത്തി. കെ.ഇ. കുഞ്ഞബ്ദുല്ല, എൻ.കെ. നാണു മാസ്റ്റർ, കെ.പി. സാജു, അഡ്വ. ഷിജിലാൽ, ഇ. മനീഷ്, മുഹമ്മദ് തൗഫീക്ക്, രാജേന്ദ്രൻ തായാട്ട്, പ്രേമാനന്ദ് ചമ്പാട്, കെ. ശ്രീധരൻ മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ടി.കെ. നാണു സ്വാഗതവും, ടി. പ്രദീപ് നന്ദിയും പറഞ്ഞു.