ബയേണ്‍ മ്യൂണിക്കില്‍ നിന്ന് ബാഴ്‌സലോണയിലേക്ക് ചേക്കേറുമ്പോള്‍ ചിലെ മിഡ്ഫീല്‍ഡര്‍ ആര്‍തുറൊ വിദാല്‍ അപൂര്‍വ നേട്ടത്തിലേക്കാണ് ഒപ്പു ചാര്‍ത്തുന്നത്. യുവന്റസുമൊത്ത് നാലു തവണ ഇറ്റാലിയന്‍ ലീഗ് കിരീടവും ബയേണ്‍ മ്യൂണിക്കുമൊത്ത് മൂന്നു തവണ ജര്‍മന്‍ ലീഗ് കിരീടവും നേടിയിട്ടുണ്ട് മിഡ്ഫീല്‍ഡര്‍. പ്രതീക്ഷിക്കുന്നതു പോലെ ബാഴ്‌സലോണക്കൊപ്പം സ്പാനിഷ് ലീഗ് കിരീടം നേടിയാല്‍ മൂന്നു രാജ്യങ്ങളില്‍ ചാമ്പ്യനായെന്ന റെക്കോര്‍ഡിനൊപ്പമെത്തും വിദാല്‍. ഡേവിഡ് ബെക്കാം (ഇംഗ്ലണ്ട്, സ്‌പെയിന്‍, ഫ്രാന്‍സ്), ക്ലാരന്‍സ് സീഡോര്‍ഫ് (നെതര്‍ലാന്റ്‌സ്, സ്‌പെയിന്‍, ഇറ്റലി), തിയറി ഓണ്‍റി (ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍) എന്നിവര്‍ മൂന്നു രാജ്യങ്ങളില്‍ ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്.
എന്നാല്‍ ഇവരെക്കാള്‍ വമ്പന്മാര്‍ വേറെയുണ്ട്. നാലു രാജ്യങ്ങളില്‍ ലീഗ് ചാമ്പ്യന്മാരായവരാണ് സ്ലാറ്റന്‍ ഇബ്രഹിമോവിച് (നെതര്‍ലാന്റ്‌സ്, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്), മാക്‌സവെല്‍ (നെതര്‍ലാന്റ്‌സ്, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്), ആര്യന്‍ റോബന്‍ (നെതര്‍ലാന്റ്‌സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ജര്‍മനി), വെസ്‌ലി ഷ്‌നൈഡര്‍ (നെതര്‍ലാന്റ്‌സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി), മാര്‍ക്ക് വാന്‍ബൊമല്‍ (നെതര്‍ലാന്റ്‌സ്, സ്‌പെയിന്‍, ജര്‍മനി, ഇറ്റലി) എന്നിവര്‍.