ന്യൂദല്‍ഹി - ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യത്തെ വന്‍ അട്ടിമറിക്ക് കളമൊരുങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. 284 ന് ഓളൗട്ടായ അഫ്ഗാനിസ്ഥാനെതിരെ ആറിന് 141 ല്‍ പരുങ്ങുകയാണ് ഇംഗ്ലണ്ട്. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്റിനോട് തോറ്റ ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി തിരിച്ചുവന്നിരുന്നു. അഫ്ഗാനിസ്ഥാനെ കീഴടക്കാന്‍ നാലു വിക്കറ്റ് ശേഷിക്കെ അവര്‍ക്ക് ഇരുപതോവറില്‍ 142 റണ്‍സ് വേണം.
ഓപണര്‍ റഹമതുല്ല ഗുര്‍ബാസിന്റെയും (57 പന്തില്‍ 80) വിക്കറ്റ്കീപ്പര്‍ ഇഖ്‌റാം അലിഖിലിന്റെയും (66 പന്തില്‍ 58) അര്‍ധ സെഞ്ചുറികളാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. വാലറ്റത്ത് സ്പിന്നര്‍മാരായ റാഷിദ് ഖാന്‍ (22 പന്തില്‍ 23), മുജീബുറഹമാന്‍ (16 പന്തില്‍ 28) എന്നിവരും കാര്യമായ സംഭാവന നല്‍കി. ആദില്‍ റഷീദ് മൂന്നും (10-1-42-3) മാര്‍ക്ക് വുഡ് രണ്ടും (9-0-50-2) വിക്കറ്റെടുത്തു.
ഇംഗ്ലണ്ടിന് ഓപണര്‍ ജോണി ബെയര്‍സ്‌റ്റോയെയും (2) മുന്‍ നായകന്‍ ജോ റൂട്ടിനെയും (11) ക്യാപ്റ്റന്‍ ജോസ് ബട്‌ലറെയും (9) എളുപ്പം നഷ്ടപ്പെട്ടു. പൊരുതിനില്‍ക്കുന്ന ഹാരി ബ്രൂക്കിലാണ് (53 പന്തില്‍ 54 നോട്ടൗട്ട്) പ്രതീക്ഷ.