ബയേണ്‍ മ്യൂണിക് വിടുന്ന ചിലെ താരം ആര്‍തുറൊ വിദാലിന് ഫ്രാങ്ക് റിബറി വികാരഭരിതമായ ഒരു വിടവാങ്ങല്‍ സന്ദേശം നല്‍കിയിരിക്കുകയാണ്. മൂന്നു സീസണില്‍ റിബറിക്കൊപ്പം ബയേണില്‍ കളിച്ച വിദാല്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറുകയാണ്. 2015 ല്‍ യുവന്റസില്‍ നിന്നാണ് വിദാല്‍ ബയേണിലെത്തിയത്. വിദാലും ഫ്രഞ്ച് താരമായ റിബറിയും ഒരുമിച്ചു കളിച്ച മൂന്നു സീസണിലും ബയേണ്‍ ജര്‍മന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി.
വിദാലിന് ട്വിറ്ററിലൂടെയാണ് റിബറി യാത്രാമംഗളം നേര്‍ന്നത്: 'സഹോദരാ, എന്തുമാത്രം സങ്കടമാണ് താങ്കളുടെ അസാന്നിധ്യം സൃഷ്ടിക്കുകയെന്ന് എനിക്ക് പറഞ്ഞറിയിക്കാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം നീയാണ് മികച്ച കളിക്കാരന്‍. നേരും നെറിയുമുളള നല്ല മനുഷ്യന്‍. നിന്നോടൊപ്പം കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ശോഭനമായ ഭാവി ആശംസിക്കുന്നു. നീയെന്നും ഒരു പോരാളിയാണ്. നിനക്കറിയാമല്ലോ, ഞങ്ങളുടെ തൊഴിലില്‍ അത്തരക്കാര്‍ അപൂര്‍വമാണെന്ന്'.