കൊച്ചി - പിണറായി ഭരണത്തില്‍ കേളടിക്കുന്നത് അഭിഭാഷകര്‍ക്കാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികളാണ് വിവിധ കേസുകള്‍ വാദിക്കാനായി എത്തുന്ന അഭിഭാഷകര്‍ക്ക് നല്‍കിയത്. വിവിധ കേസുകളില്‍ ഹാജരാകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഇത് പുറത്ത് നിന്നുള്ള അഭിഭാഷകര്‍ക്ക് നല്‍കിയത് 7.25 കോടിരൂപയാണെന്ന് വിവരാവകാശ പ്രകാരമുള്ള രേഖകള്‍ വ്യക്തമാക്കുന്നു. കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസിന് വിവരാവകാശപ്രകാരം ലഭിച്ച കണക്കുകളാണിത്. അഡ്വക്കേറ്റ് ജനറല്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ , പ്ലീഡര്‍മാര്‍ തുടങ്ങിയ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് മാസം തോറും ഒന്നരക്കോടി ശമ്പളമായി നല്‍കുന്നതിന് പുറമേയാണിത്. 2021 ഏപ്രില്‍ മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കണക്കാണിത്. പുറത്ത് നിന്നെത്തിയ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയിലെ കേസുകള്‍ക്കായി 2.32 കോടിയും, സുപ്രീം കോടതിയിലെ കേസുകള്‍ക്കായി 4.93 കോടിയുമാണ് സര്‍ക്കാര്‍ ചെലവാക്കിയത്. ഹൈക്കോടതിയില്‍ ഒരു കേസും സുപ്രീം കോടതിയില്‍ 12 കേസുകളും പുറത്ത് നിന്ന് കൊണ്ടുവന്ന അഭിഭാഷകരെക്കൊണ്ട് നടത്തി.
സോളാര്‍ കേസ് റദ്ദാക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ക്കാന്‍ ദല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്നത് 1.2 കോടി ചെലവാക്കിയാണ്. ഇതിനായുള്ള നിയമോപദേശത്തിന് 5.5 ലക്ഷംവും ചെലവഴിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ പുറത്ത് നിന്നും അഭിഭാഷകരെ കേസ് നടത്താന്‍ കൊണ്ടുവന്നത് 17.87 കോടി രൂപ ചെലവഴിച്ചാണ്. ഇതില്‍ 98 ലക്ഷം രൂപ ചെലവാക്കിയത് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷൂഹൈബിനെ കൊന്ന കേസ് സി ബി ഐ ക്ക് വിടാതിരിക്കാന്‍ അഭിഭാഷകരെ കൊണ്ടുവന്നതിനാണ്.