മലപ്പുറം - സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ പുരസ്‌ക്കാര ശില്പത്തിനെതിരെ വിവാദ പരാമർശം നടത്തിയ നടൻ അലൻസിയറിനെതിരെ പരാതിയുമായി ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. നടന്റെ അഭിമുഖങ്ങളിലെ പരാമർശം പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണമെന്ന് കുടുംബം വക്കീൽ നേട്ടീസിൽ ആവശ്യപ്പെട്ടു.
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം സ്വീകരിച്ച് നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു. 'പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പ്പം വേണം. അത് എന്ന് മേടിക്കാൻ പറ്റുന്നുവോ അന്ന് ഞാൻ അഭിനയം നിർത്തുമെന്നായിരുന്നു നടന്റെ പ്രസംഗം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നപ്പോഴും അലൻസിയർ നിലപാട് ആവർത്തിച്ചിരുന്നു. പുരസ്‌കാരത്തിനൊപ്പമുള്ള ശിൽപം ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്തതല്ലെങ്കിലും വിവിധ അഭിമുഖങ്ങളിൽ ആർട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും അത് തന്റെ പിതാവിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ വക്കീൽ നോട്ടീസിൽ കുറ്റപ്പെടുത്തി.
എന്നാൽ, പ്രസംഗം വിവാദമായെങ്കിലും പരാമർശം പിൻവലിക്കാൻ അലൻസിയർ തയ്യാറായിരുന്നില്ല. പിന്നീട് ചാനലിന് നൽകിയ അഭിമുഖത്തിലും അലൻസിയർ സമാന പരാമർശം ആവർത്തിക്കുകയായിരുന്നു.