Sorry, you need to enable JavaScript to visit this website.

കനത്ത മഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തിനടിയില്‍

തിരുവനന്തപുരം- മണിക്കൂറുകള്‍ നിറുത്താതെ പെയ്ത കനത്ത മഴയില്‍ തിരുവനന്തപുരം അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലായി. മണക്കാട്, തേക്കുംമൂട്, ചാക്ക, ഗൗരീശപട്ടം, ഉള്ളൂര്‍ തുടങ്ങി നഗരത്തിലെ മിക്കയിടങ്ങളിലും വന്‍ വെള്ളക്കെട്ടാണ്. തേക്കുംമൂട് ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറി. 120 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. നിറുത്താതെ പെയ്ത മഴയില്‍ സമീപത്തെ തോട് നിറഞ്ഞ് അര്‍ദ്ധരാത്രിയോടെ വീടുകളിലേക്ക് വെള്ളം കയറുകയായിരുന്നു. ഇവിടെ നിന്ന് ജനങ്ങളെ മാറ്റാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. . ചാക്ക റോഡിലെ വെള്ളക്കെട്ടു കാരണം നിരവധി വാഹനങ്ങള്‍ കേടായതായും റിപ്പോര്‍ട്ടുണ്ട്. തെറ്റിയാര്‍ കരകവിഞ്ഞതോടെ ചരിത്രത്തിലാദ്യമായി ടെക്‌നോപാര്‍ക്ക് മുങ്ങി. ഗായത്രി ബില്‍ഡിംഗിലേക്ക് വെള്ളം കയറി. ഇവിടെ നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ട്. പ്രധാന ഗേറ്റുവഴിയുള്ള ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച ആയതിനാല്‍ ടെക്‌നോപാര്‍ക്കിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും അവധിയാണ്. തെറ്റിയാര്‍ തോടില്‍ നിന്നുളള വെള്ളം കയറിയതിനെത്തുടര്‍ന്ന് മൂന്നുകുടുംബങ്ങളെ ഫയര്‍ഫാേഴ്‌സ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഫേസ് ത്രീ കാമ്പസിനുസമീപം തെറ്റിയാര്‍ തോടില്‍ നിന്നുള്ള വെള്ളം കയറിയതോടെ ഇവിടത്തെ ഹോസ്റ്റലില്‍ നിരവധി പെണ്‍കുട്ടികള്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


 

Latest News