മക്ക - കഅ്കിയ ആടു ചന്തയിലും പ്രദേശത്തെ കശാപ്പുശാലയിലും പോലീസുമായി സഹകരിച്ച് അല്‍ശൗഖിയ ബലദിയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കേടായ ഇറച്ചി വില്‍പന നടത്തിയ എട്ടു വിദേശികള്‍ പിടിയിലായി. റെയ്ഡിനിടെ ആകെ പത്തു ഇഖാമ, തൊഴില്‍ നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തില്‍ എട്ടു പേര്‍ ആടു ചന്തക്കു സമീപമുള്ള റോഡുകളില്‍ വഴിവാണിഭമായി കേടായ ഇറച്ചി വില്‍പന നടത്തിവരികയായിരുന്നു. ഉപയോഗശൂന്യമായ ഇറച്ചി സൂക്ഷിച്ച താമസസ്ഥലവും റെയ്ഡിനിടെ കണ്ടെത്തി. ഏഴു വലിയ ഫ്രീസറുകളിലും റെഫ്രിജറേറ്ററുകളിലുമാണ് ഇവിടെ ഇറച്ചി സൂക്ഷിച്ചിരുന്നത്. 2,300 കിലോ ഇറച്ചി ഇവിടെ നിന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു. ഫ്രീസറുകളും പിടിച്ചെടുത്തു. ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കശാപ്പുശാലാ നടത്തിപ്പുകാരനെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് കശാപ്പുശാലാ അഡ്മിനിസ്‌ട്രേഷന് അല്‍ശൗഖിയ ബലദിയ കത്തയച്ചു.