ജിദ്ദ- ചൈനീസ് വിദേശ മന്ത്രി വാംഗ് യിയുമായി സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഫോണില്‍ ബന്ധപ്പെട്ട് പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്തു. യുദ്ധം ഉടനടി അവസാനിപ്പിക്കാനും ഗാസ ഉപരോധം എടുത്തുകളയാനും പ്രേരിപ്പിച്ച് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതില്‍ ഉത്തരവാദിത്തം വഹിക്കാന്‍ യു.എന്‍ രക്ഷാ സമിതി സ്ഥിരാംഗമെന്ന നിലയില്‍ ചൈന രക്ഷാ സമിതിയെ പ്രേരിപ്പിക്കണമെന്ന് വിദേശ മന്ത്രി ആവശ്യപ്പെട്ടു.
ഫലസ്തീന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളായി രക്ഷാ സമിതി അംഗീകരിച്ച പ്രമേയങ്ങള്‍ നടപ്പാക്കണമെന്നും സൗദി വിദേശ മന്ത്രി പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ, ബ്രിട്ടന്‍, ഇറ്റലി, മാള്‍ട്ട, ഗബോണ്‍, അല്‍ബേനിയ, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായും വിദേശകാര്യ, സുരക്ഷാനയ കാര്യങ്ങള്‍ക്കുള്ള യൂറോപ്യന്‍ യൂനിയന്‍ ഹൈ റെപ്രസന്റേറ്റീവ് ജോസെപ് ബോറെല്ലുമായും കഴിഞ്ഞ ദിവസം സൗദി വിദേശ മന്ത്രി ഫോണില്‍ ബന്ധപ്പെട്ട് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അറുതിയുണ്ടാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്തിരുന്നു.
കൂടുതല്‍ നിരപരാധികള്‍ മരണപ്പെടുന്നത് തടയാന്‍ മുന്‍ഗണന നല്‍കണമെന്ന് നേരത്തെ യു.എസ് വിദേശ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ചര്‍ച്ചയില്‍ സൗദി വിദേശമന്ത്രി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ ഇസ്രായില്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക നിയമങ്ങള്‍ക്കും വിരുദ്ധമായ ഏതു പ്രവൃത്തികളും നിലവിലെ സംഘര്‍ഷത്തിന്റെ ആഴവും ദുരിതവും വര്‍ധിപ്പിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് നീതിപൂര്‍വകവും സമഗ്രവുമായ രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍ ഏക മാര്‍ഗം ചര്‍ച്ചകളാണ്. യു.എന്‍ രക്ഷാ സമിതി, ജനറല്‍ അസംബ്ലി തീരുമാനങ്ങള്‍ക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി സമധാന പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിലും അക്രമം അവസാനിപ്പിക്കുന്നതിലും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണമെന്നും സൗദി വിദേശ മന്ത്രി ആവശ്യപ്പെട്ടു.
അമേരിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്‍ത് ബന്ദര്‍ രാജകുമാരി, രാഷ്ട്രീയ കാര്യങ്ങള്‍ക്കുള്ള വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സൗദ് അല്‍സാത്തി എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.