'സൈബര്‍ ഫ്രോഡുകളുടെ അന്ത്യം'; ചാവേര്‍ സിനിമയെ ഡീഗ്രേഡിംഗിലൂടെ തോല്‍പിക്കാന്‍ ഇറങ്ങിയവര്‍ക്ക് മറുപടി നല്‍കി ജോയ് മാത്യു

കൊച്ചി- ചാവേര്‍ സിനിമയെ ഡീഗ്രേഡിംഗ് നടത്തി തോല്‍പിക്കാന്‍ ഇറങ്ങിയ ഇടത് സൈബര്‍ ഫ്രോഡുകളെ ഒറ്റവരി പ്രതികരണത്തില്‍ വലിച്ചുകീറി തിരക്കഥാകൃത്ത് ജോയ് മാത്യു. ചാവേര്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളിലെ ഹൗസ്ഫുള്‍ റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് പാളിപ്പോയ ഡീഗ്രേഡിംഗ് നീക്കത്തെ ജോയ് മാത്യു ട്രോളിയത്. സൈബര്‍ ഫ്രോഡുകളുടെ അന്ത്യം എന്ന ഒറ്റവരി പ്രതികരണത്തോടെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റ്.

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ടിനു പാപ്പച്ചനാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി ചാവേര്‍ അണിയിച്ചൊരുക്കിയത്. സിനിമ തിയറ്ററിലെത്തിയതിന് പിന്നാലെ സിനിമാ ഗ്രൂപ്പുകളിലും സമൂഹമാദ്ധ്യമങ്ങളിലും ജോയ് മാത്യുവിനെയും സിനിമയെയും അവഹേളിച്ചും ഡീഗ്രേഡിംഗ് നടത്തിയുമുളള പോസ്റ്റുകള്‍ നിറഞ്ഞു. തിരക്കഥ മോശമായെന്നും സിനിമ പരാജയമെന്നുമായിരുന്നു പ്രചരിപ്പിച്ചത്.

ഇടതുസര്‍ക്കാരിന്റെ അഴിമതിയിലും ദുര്‍ഭരണത്തിലും മറ്റും നിരന്തരം സമൂഹമാദ്ധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിക്കുന്നതിന്റെ പ്രതികാരമായിട്ടായിരുന്നു കരുതിക്കൂട്ടിയുളള ഡീഗ്രേഡിംഗ്. എന്നാല്‍ ഡീഗ്രേഡിംഗ് ശക്തമായതോടെ സത്യമറിയാന്‍ സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ സത്യസന്ധമായ അഭിപ്രായങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചതോടെയാണ് കൂടുതല്‍ ആളുകള്‍ തിയറ്ററിലേക്ക് സിനിമ കാണാനെത്തിയത്. ആദ്യ ദിവസങ്ങള്‍ക്ക് ശേഷം സിനിമ പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയറ്ററുകളിലും ഹൗസ് ഫുള്‍ ആണ്.

കൊല്ലാം പക്ഷെ തോല്‍പിക്കാനാകില്ല എന്ന വാക്കുകളിലൂടെയാണ് സഖാക്കളുടെ ഡീഗ്രേഡിംഗിനെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നേരിട്ടത്.

 

Latest News