കണ്ണൂർ- കാൻസർ രോഗികളിലെ മാനസിക സാമൂഹിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സൈക്കോ ഓങ്കോളജി വിഭാഗത്തിന്റെ ആവശ്യകത എല്ലാ കാൻസർ ആശുപത്രികളും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന് ചെന്നൈ അടയാർ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് സൈക്കോ ഓങ്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സുരേന്ദ്രൻ വീരയ്യ അഭിപ്രായപ്പെട്ടു. മലബാർ കാൻസർ സെന്ററിലെ സൈക്കോ ഓങ്കോളജി വിഭാഗം സംഘടിപ്പിച്ച ഏകദിന ദേശീയ കോൺഫറൻസിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സംഗീത കെ. നായനാർ അധ്യക്ഷയായിരുന്നു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. രോഹിണി, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത എം. എന്നിവർ ആശംസകൾ അറിയിച്ചു. കോൺഫറൻസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേര് പങ്കെടുത്തു. കാൻസർ രോഗബാധിതരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതനിലവാരത്തിനെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.
കാൻസറിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന രോഗികളുടെ വൈകാരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തെ അഭിസംബോധന ചെയ്യുന്ന സമഗ്രമായ ആരോഗ്യസംരക്ഷണത്തിന്റെ നിർണായക ഭാഗമാണ് സാമൂഹിക മാനസിക പരിചരണം. കാൻസർ ചികിത്സയിൽ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും മാനസിക സാമൂഹിക ക്ഷേമത്തിന്റെ ആവശ്യകതയെ അഭിസംബോധന ചെയ്യുന്നത്തിനായി വിവിധ സെഷനുകൾ നടത്തി. ഓരോ സെഷനും കാൻസർ സാമൂഹിക മാനസിക പരിചരണ മേഖലയിൽ പ്രാവീണ്യം നേടിയ പ്രമുഖ വ്യക്തികളാണ് കൈകാര്യം ചെയ്തത്.
ചെന്നൈ അടയാർ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് സൈക്കോ ഓങ്കോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സുരേന്ദ്രൻ വീരയ്യ, എറണാകുളം രാജഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനീഷ് കെ.ആർ., ബംഗളൂരു നിംഹാൻസിലെ സൈക്കോ ഓങ്കോളജിസ്റ്റും റിസർച്ച് കോ-ഓർഡിനേറ്ററുമായ ഡോ. ഗാർഗി എസ്. കുമാർ, രാജഗിരി ആശുപത്രിയിലെ സൈക്കോ ഓങ്കോളജിസ്റ്റ് അപർണ കെ. മോഹനൻ, ബംഗളൂരു ഹോസ്പൈസ് ട്രസ്റ്റ് സൈക്കോ ഓങ്കോളജിസ്റ്റ് മിഷേൽ നോർമൻ, കാലടി ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി പയ്യന്നൂർ സെന്റർ സോഷ്യൽ വർക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനിത എ. കാസർകോട് കേന്ദ്ര സർവകലാശാല യോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുബ്രമണ്യ, പയിലൂർ മലബാർ കാൻസർ സെന്റർ ന്യൂറോസർജൻ ഡോ. രാജേഷ് കൃഷ്ണ, സൈക്കോ ഓങ്കോളജിസ്റ്റ് ജിഷ, മെഡിക്കൽ സോഷ്യൽ വർക്കർ ശോഭിത് എന്നിവരാണ് വിവിധ സെഷനുകൾ കൈകാര്യം ചെയ്തത്. കോൺഫറൻസിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പെങ്കെടുത്തവരുടെ പേപ്പർ പോസ്റ്റർ അവതരണവും നടന്നു.