കണ്ണൂർ- സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ കള്ളപ്പണം ഒഴുകുന്നു എന്ന പ്രചരണം ദുരുദ്ദേശപരമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. നോട്ടു നിരോധന കാലത്തും ഇത്തരത്തിൽ വ്യാപക പ്രചാരണം നടന്നിരുന്നു. അക്കാലത്ത് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയപ്പോൾ കള്ളപ്പണം കണ്ടെത്താനായിരുന്നില്ല. മൾട്ടി സ്‌റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾ രൂപീകരിച്ചും, ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത വ്യവസ്ഥകൾ കൊണ്ടുവന്നും, റിസർവ് ബാങ്കും ആദായനികുതി വകുപ്പും നടത്തുന്ന അനാവശ്യ ഇടപെടലുകളിലൂടെയും കേന്ദ്ര സർക്കാർ സഹകരണ മേഖലയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അതിനുപുറമെയാണ് ഇ. ഡിയെ ഉപയോഗിച്ചുള്ള വേട്ടയാടൽ. ഏതെങ്കിലും സഹകരണ സ്ഥാപനത്തിൽ ക്രമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനുമേൽ നിയമാനുസൃതമായ നടപടി സഹകരണ വകുപ്പ് സ്വീകരിക്കുന്നുണ്ട്. കരുവന്നൂരിലെ ക്രമക്കേടുകൾ കണ്ടെത്തിയത് സഹകരണ വകുപ്പാണ്. പോലീസ് കേസെടുക്കുകയും ചെയ്തു. 93 കോടി രൂപ നിക്ഷേപകർക്ക് തിരിച്ചു നൽകുകയും 110 കോടി രൂപയുടെ നിക്ഷേപം ബന്ധപ്പെട്ടവർ പുതുക്കുകയും ബാക്കിയുള്ള തുക ആവശ്യപ്പെടുന്നവർക്ക് നൽകാൻ സഹകരണ വകുപ്പ് മുൻകൈയെടുത്ത് കൺസോർഷ്യമുണ്ടാക്കി ധനസമാഹരണം നടത്തുകയും ചെയ്യുന്നുണ്ട്. വായ്പ കുടിശ്ശിക പിരിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. -ജയരാജൻ പറഞ്ഞു.
സഹകരണ പ്രസ്ഥാനം നാടിന്റെ നട്ടെല്ലാണ്. പ്രധാന ഇടപാടുകളിൽ 40 ശതമാനവും സഹകരണ ബാങ്കുകൾ വഴിയാണ് നടക്കുന്നത്. ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കെല്ലാം സഹകരണ ബാങ്കുകൾ ആശ്രയമാണ്. ഇന്ത്യയിലെ സഹകരണ ബാങ്കുകളിൽ 1.7 ശതമാനം മാത്രം വരുന്ന കേരളത്തിലെ ബാങ്കുകളിൽ 71 ശതമാനം നിക്ഷേപകരുണ്ട്. ജനകീയ വിശ്വാസതയാണ് ഈ മുന്നേറ്റത്തിന് കാരണം. ആകെയുള്ള 2.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന്റെ 1.86 ലക്ഷം കോടിയും സാധാരണക്കാർക്ക് വായ്പയായി നൽകിയിട്ടുണ്ട്. - ജയരാജൻ പറഞ്ഞു.
ഗുജറാത്തിൽ നോട്ടു നിരോധന കാലത്ത് സഹകരണ ബാങ്കുകൾ വഴി കള്ളപ്പണം ഒഴുകി എന്ന ആക്ഷേപം ഉയർന്നുവന്നു. അവിടെയൊന്നും ഇ.ഡിയോ മറ്റു ഏജൻസികളോ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. 1500 മൾട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളിൽ 40 എണ്ണം പൂട്ടി. 4000 കോടിയുടെ ക്രമക്കേടുകൾ നടന്നുവെന്ന് പാർലമെന്റിൽ കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. -ജയരാജൻ പറഞ്ഞു.
സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് കേരള പ്രൈമറി കോ-ഓപറേറ്റീവ് സൊസൈറ്റിസ് അസോസിയേഷനും സഹകരണ യൂനിയനും സംയുക്തമായി സഹകാരി സംഗമവും സഹകരണ സംരക്ഷണ സദസ്സും സംഘടിപ്പിക്കും. ഒക്ടോബർ 17 നാണ് കണ്ണൂരിൽ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നത്. ഇരിട്ടി, കൂത്തുപറമ്പ്, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ സഹകാരി സംഗമം ഒക്ടോബർ 14 മുതൽ 20 വരെയുള്ള തീയതികളിൽ സംഘടിപ്പിക്കും. -ജയരാജൻ പറഞ്ഞു.