വളപട്ടണം - വര്‍ക്‌ഷോപ്പുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നയാള്‍ പിടിയില്‍. കാസര്‍കോട് ചെറുവത്തൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ഖലീല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കെ.പി. സിദ്ധിഖ് എന്ന അബൂബക്കര്‍ സിദ്ധിഖിനെ (45)യാണ് വളപട്ടണം സി.ഐ, എം.ടി. ജേക്കബിന്റെ നേതൃത്വത്തില്‍ എസ്.ഐ, പി. ഉണ്ണികൃഷ്ണന്നും സംഘവും അറസ്റ്റു ചെയ്തത്.
വാഹനത്തിലെത്തി പൂട്ടിക്കിടക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ പാതിരാത്രിയില്‍ കുത്തിതുറന്ന് വാഹനങ്ങളുടെ സാധനസാമഗ്രികള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തികൊണ്ടുപോകുന്നതാണ് ഇയാളുടെ രീതി. നിരവധി മോഷണ കേസുകളിലെ പ്രതി കൂടിയാണ് ഇയാള്‍. തമിഴ്‌നാട് മേട്ടുപാളയത്തിലെ ഭാര്യവീട്ടിലാണ് കുറച്ചുകാലമായി ഇയാള്‍ താമസം. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 ന് പാപ്പിനിശ്ശേരി കീച്ചേരിയിലെ എക്‌സലന്റ് ഇലക്ട്രിക്കല്‍ വര്‍ക്ക്‌ഷോപ്പിന്റെ ഗ്രില്‍സ് തകര്‍ത്ത് അകത്ത് കയറി മൂന്ന് മോട്ടോറുകളും സ്‌പെയര്‍ പാര്‍ട്‌സുകളുമായി ഒരു ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് വാഹനത്തിലെത്തിയ മോഷ്ടാവ് കടത്തികൊണ്ടുപോയത്. ഉടമയുടെപരാതിയില്‍ കേസെടുത്ത വളപട്ടണം പോലീസ് നടത്തിയ അന്വേഷണത്തില്‍ ജില്ലാ അതിര്‍ത്തിയിലുള്ള നിരീക്ഷണ ക്യാമറാ ദൃശ്യത്തില്‍നിന്നുമാണ് വാഹനം തിരിച്ചറിഞ്ഞത്. നമ്പര്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെറുവത്തൂരിന് സമീപത്തെ അക്ഷയ കേന്ദ്രത്തിന്റെ നമ്പറാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് നിരവധി മോഷണ കേസിലെ പ്രതിയായ സിദ്ധിഖിനെ പിടികൂടാന്‍ സാധിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.